കോഴിക്കോട്: സത്യത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്ര കഷ്ടപ്പെട്ടിട്ടാണ് കമ്മ്യൂണിസ്റ്റ് ആയി അഭിനയിക്കുന്നത് അല്ലേ? സമ്മതിക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ ഗുരുവായൂർ അമ്പലത്തിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം നേതാക്കളെ സന്ദീപ് വാര്യർ പരിഹസിക്കുന്നത്. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് വിമർശനമുള്ളത്. പ്രമുഖ സിപിഎം നേതാക്കളുടെ മക്കൾ എല്ലാവരും ഈശ്വര വിശ്വാസികൾ ആണ്. കാടമ്പുഴയിൽ പോകുന്നു, ഗുരുവായൂരിൽ പോകുന്നു, ശബരിമലയിൽ പോകുന്നു. മാത്രമല്ല പ്രമുഖ നേതാക്കളുടെ മക്കൾ എല്ലാവരും സ്വാശ്രയ വിദേശ വിദ്യാഭ്യാസം നേടിയവരും ബാംഗ്ലൂരിലോ വിദേശത്തോ പോയി ബിസിനസ്സ് ചെയ്ത് ജീവിക്കുന്നവരുമാണ്. ഒരാളും അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ കട്ട ചുവപ്പ്, ചെഗുവേര, ക്യൂബ, ഫിദൽ.. തുടങ്ങിയ മണ്ടത്തരങ്ങളൊന്നും എഴുന്നള്ളിക്കാറുമില്ലെന്ന് സന്ദീപ് വാര്യർ എഴുതുന്നു.
ഫേസ് ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
പ്രമുഖ സിപിഎം നേതാക്കളുടെ മക്കൾ എല്ലാവരും ഈശ്വര വിശ്വാസികൾ ആണ്. കാടമ്പുഴയിൽ പോകുന്നു, ഗുരുവായൂരിൽ പോകുന്നു, ശബരിമലയിൽ പോകുന്നു. മാത്രമല്ല പ്രമുഖ നേതാക്കളുടെ മക്കൾ എല്ലാവരും സ്വാശ്രയ വിദേശ വിദ്യാഭ്യാസം നേടിയവരും ബാംഗ്ലൂരിലോ വിദേശത്തോ പോയി ബിസിനസ്സ് ചെയ്ത് ജീവിക്കുന്നവരുമാണ്. ഒരാളും അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ കട്ട ചുവപ്പ്, ചെഗുവേര, ക്യൂബ, ഫിദൽ.. തുടങ്ങിയ മണ്ടത്തരങ്ങളൊന്നും എഴുന്നള്ളിക്കാറുമില്ല. സത്യത്തിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്ര കഷ്ടപ്പെട്ടിട്ടാണ് കമ്മ്യൂണിസ്റ്റ് ആയി അഭിനയിക്കുന്നത് അല്ലേ? സമ്മതിക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതം ഗുരുവായൂരിൽ ദർശനം നടത്തിയത്. ദേവസ്വം അഡമിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് ദേവസ്വം ജീവനക്കാർ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
ഗുരുവായൂരിൽ വി.ഐ.പികൾ ദർശനം നടത്തുമ്പോൾ സാധാരണ ദേവസ്വം ബോർഡ് മാധ്യമ പ്രവർത്തകരെ അറിയിക്കാറുണ്ടെങ്കിലും വിവേക് കിരണിന്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ, ആ സമയം ക്ഷേത്രത്തിലെത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ സമയം ദേവസ്വം സെക്യൂരിറ്റിക്കാർ മാധ്യമപ്രവർത്തകനെ പിടിച്ചുത്തള്ളുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.