നഷ്ടപ്പെട്ടെന്ന് കരുതിയ ചന്ദനവിഗ്രഹങ്ങൾ റേഞ്ച് ഓഫിസിലെ സ്ട്രോങ് മുറിയിൽ

കാട്ടാക്കട: വനംവകുപ്പിന്‍റെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസില്‍ പിടികൂടി സൂക്ഷിച്ചിരുന്ന നഷ്ടപ്പെട്ടെന്ന് പരാതി ഉയർന്ന ചന്ദനവിഗ്രഹങ്ങൾ റേഞ്ച് ഓഫിസിലെ സ്ട്രോങ് മുറിയില്‍ നിന്നും കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് റേഞ്ച് ഓഫിസർ ഷാജിയാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫിസില്‍ പിടികൂടി സൂക്ഷിച്ചിരുന്ന ചന്ദനവിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടെന്ന് കാട്ടി കാട്ടാക്കട പൊലീസിൽ പരാതി നൽകിയത്.

ഇതിനെതുടര്‍ന്ന് പൊലീസും വകുപ്പു തലത്തിലും അന്വേഷണം പുരോഗമിച്ചുവരുകയായിരുന്നു. ഇതിനിടെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളും മുറികളും അരിച്ചുപെറുക്കുന്നതിനിടെയാണ് ചന്ദന വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. 2016ൽ ആണ് ചന്ദന വിഗ്രങ്ങൾ പിടികൂടി വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയും തൊണ്ടി മുതൽ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പരുത്തിപ്പള്ളി ഓഫിസിൽ സൂക്ഷിക്കുകയും ചെയ്തത്.

2019ൽ കേസിന്‍റെ വാദം ആരംഭിച്ചു ഈ സമയം കോടതിയിൽ ഹാജരാക്കാനായി തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറി തുറന്നപ്പോൾ കേസിൽ ഉൾപ്പെട്ടവ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. പരുത്തിപ്പള്ളി റേഞ്ച് ഓഫിസില്‍ കാണാത്തതുകൊണ്ട് വനംവകുപ്പിന്‍റെ ഹെഡ് ഓഫിസ് സ്‌ട്രോങ് റൂമിൽ ആകുമെന്ന് കരുതി അവിടെയും പരിശോധന നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ആദ്യവിവരം. ഇതിനിടെ കോടതിയില്‍ നിലവിലുള്ള കേസില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം തൊണ്ടി മുതല്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ വനം മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർദേശവും നല്‍കി. തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ മുന്‍ റേഞ്ച് ഓഫിസർമാരായ ദിവ്യ എസ്.എസ് റോസ്, ആര്‍. വിനോദ് എന്നിവരെ നടപടിക്കും നിർദേശമുണ്ടായി.

ഒമ്പത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധവിഗ്രഹവും ഉള്‍പ്പെടെ വിവിധ തൊണ്ടിമുതലുകളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവയെല്ലാം പരുത്തിപ്പള്ളി റേഞ്ച് ഓഫിസില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് തൊണ്ടി മുതലുകൾ സൂക്ഷിക്കുന്ന പഴയ ഇരുമ്പുപെട്ടിക്കുള്ളിൽനിന്ന് ഇവ കണ്ടെത്തിയതെന്ന് കാട്ടാക്കട എസ്.ഐ സുനിൽ ഗോപി പറഞ്ഞു.

2016ൽ വനം വകുപ്പ് മുട്ടത്തറ സ്വദേശിയിൽനിന്നും കണ്ടെടുത്ത 14 സെന്റിമീറ്റർ നീളമുള്ള ഗണപതിയും ബുദ്ധനും ഉൾപ്പെടെ ഒമ്പത് വിഗ്രഹങ്ങൾ, രണ്ട് ചന്ദന മുട്ടികൾ, 250 ഗ്രാം ചന്ദനച്ചീളുകൾ എന്നിവയാണ് കിട്ടിയത്. വനംവകുപ്പ് വിവരം അറിയിച്ചതനുസരിച്ച് കാട്ടാക്കട പൊലീസ് പരുത്തിപ്പള്ളി വനം ഓഫിസിലെത്തി സാധനങ്ങൾ തരം തിരിച്ച് മഹസ്സർ തയാറാക്കി. അടുത്ത ദിവസം ഇവ കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - Sandalwood idols thought to be lost in the strong room of the range office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.