അട്ടപ്പാടിയിലെ 575 ഏക്കർ ഭൂമി വിൽപന: രജിസ്ട്രേഷൻ ഡെപ്യൂട്ടി ഐ.ജി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: അട്ടപ്പാടിയിലെ 575 ഏക്കർ ഭൂമി വിൽപന നടത്തിയത് സംബന്ധിച്ച് രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐ.ജി തെളിവെടുപ്പ് നടത്തി. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം അട്ടപ്പാടി താലൂക്കിലെ കോട്ടത്തറ വില്ലേജിൽ ഭൂപരിഷ്കരണ നിയമം ലംഘിച്ച് 575 ഏക്കർ ഭൂമിക്ക് ആധാരം ചമച്ച് വിൽപന നടത്തിയെന്നായിരുന്നു ആധാരം എഴുത്ത് അസോസിയേഷൻ നൽകിയ പരാതി.

അഗളി സബ് രജിസ്ട്രാർ ഓഫിസിൽ ഇക്കാര്യത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേരത്തെ പരാതി നൽകിയത്. നിയമസഭയിലെ ചോദ്യത്തിന് മന്ത്രി 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയെന്നും കോട്ടത്തറി വില്ലേജ് ഓഫിസർ നൽകിയ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയതെന്നും മറുപടി നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി നിയമസഭക്ക് ഉറപ്പ് നൽകി.

രേഖകളുടെ നിജസ്ഥിതി പരിശോധിച്ച ശേഷം ഉടൻ റിപ്പോർട്ട് നൽകുമെന്ന് ഡെപ്യൂട്ടി ഐ.ജി അദ്ദേഹം പറഞ്ഞു. മൂപ്പിൽ നായരുടെ കുടുംബത്തിലെയും ഇരുപതോളം പേരാണ് ആധാരങ്ങളിലൊക്കെ ഒപ്പിട്ടിരിക്കുന്നത്. 2023- 24 കാലത്ത് 183 ആധാരങ്ങളിലായിട്ടാണ് അഗളി സബ് രജിസ്റ്റർ ഓഫീസിൽ ഭൂമി കൈമാറ്റം നടത്തിയത്.  

ആധാരങ്ങളുടെ പകർപ്പ് അടക്കം അസോസിയേഷൻ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഐ.ജി കൈമാറി. 1963ലെ ഭൂപരിഷ്കരണ നിയമം ലംഘിച്ച് 575 ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്തത് എങ്ങനെ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കോട്ടത്തറ വില്ലേജ് ഓഫീസർ നൽകിയ സാക്ഷ്യപത്രത്തിന്റെ പിൻബലത്തിലാണ് ആധാരം നടത്തിയിരിക്കുന്നത്. സാധാരണ ഭൂമി രജിസ്ട്രേഷന് ഒറിജിനൽ ആധാരമോ, നികുതി അടച്ച രസീതോ, പട്ടയമോ ഹാജരാക്കണം. ഇതൊന്നും ഇല്ലാതെയാണ് ഭൂമി രജിസ്ട്രേഷൻ എങ്ങനെ നടത്തിയെന്നാണ് അന്വേഷിക്കുന്നത്.

അട്ടപ്പാടിയിൽ ഭൂമിയുടെ യഥാർഥ അവകാശികൾക്ക് തണ്ടപ്പേർ പിടിച്ച് ഭൂമി നികുതി അടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പറഞ്ഞു. അതേസമയം, നിയമം പലിക്കാതെയാണ് ഇത്രയും ഭൂമി രജിസ്ട്രേഷൻ നടത്തിയതെന്നും അവർ മൊഴി നൽകി. അതേസമയം, ഈ ഭൂമിക്കുമേൽ പുരാതനമായ ജന്മാവകാശമുണ്ടെന്ന് മൂപ്പിൽ നായരുടെ കടുംബം വാദിച്ചു.

മണ്ണാർക്കാട് കോടതി മുതൽ സുപ്രീംകോടതി വരെ ഭൂമിക്കായി മൂപ്പിൽ നായർ നടത്തിയ കേസിന്റെ രേഖകളും കോടതി ഉത്തരവുകളും കുടുംബത്തിന്റെ പ്രതിനിധി ഹാജരാക്കി. ഇരുകൂട്ടരും സമർപ്പിച്ച രേഖകൾ പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ഡെപ്യൂട്ടി ഐ.ജി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. റവന്യൂ ഉദ്യോഗസ്ഥർക്ക് ഇതിലുള്ള പങ്ക് അന്വേഷിക്കുമെന്ന് മന്ത്രി കെ. രാജനും നിയമസഭയെ അറിയിച്ചിരുന്നു. അതേസമയം, പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അട്ടപ്പാടിയിലെത്തി ഭൂമി കൈയേറ്റത്തെ സംബന്ധിച്ച് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് ചുവപ്പ് നാടയിൽ കുടുങ്ങിയെന്നാണ് ആദിവാസികൾ പറയുന്നത്. 

Tags:    
News Summary - Sale of 575 acres of land in Attappadi: Registration Deputy IG conducted evidence collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.