തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദമായ ‘പേരു നോക്കി വർഗീയ ധ്രുവീകരണം കണ്ടെത്തൽ’ പരാമർശത്തിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ പോർമുഖം തുറക്കാൻ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ അറിവോടെയുള്ള സി.പി.എം ആസൂത്രണത്തിന്റെ ഭാഗമാണ് സജി ചെറിയാന്റെ വർഗീയ പരാമർശങ്ങളെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കൾ വരുംദിവസങ്ങളിൽ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെമെന്നും വ്യക്തമാക്കുന്നു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് എന്നിവരാണ് നിയമസഭയിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ദി ഹിന്ദു പത്രത്തിലെ അഭിമുഖവും എ.കെ ബാലന്റെ വിവാദ പ്രസ്താവനയും ഒടുവിൽ സജി ചെറിയാന്റെ പരാമർശവുമടക്കം അടിവരയിട്ടാണ് സി.പി.എമ്മിനെതിരായ പ്രതിപക്ഷ നീക്കം.
ഡൽഹിയിൽ പി.ആർ ഏജൻസി മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിന് പിന്നാലെയാണ് കേരളത്തിൽ സമുദായ നേതാക്കളെകൊണ്ട് പറയിപ്പിച്ചതെന്ന് വി.ഡി സതീശൻ ആരോപിച്ചു. എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവനക്ക് പിന്നാലെയാണ് ജയിച്ചുവന്നവരുടെ ജാതി നോക്കാൻ മന്ത്രി തന്നെ പറയുന്നത്. ഇത് ഭരണഘടന ലംഘനമാണ്. സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് മന്ത്രി ഏറ്റവും വലിയ വര്‍ഗീയവാദം ഉയര്‍ത്തിയത്. മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല. അദ്ദേഹത്തെ തിരുത്താനോ തെറ്റാണെന്ന് പറയാനോ സി.പി.എം തയാറായിട്ടില്ല.
ബാബരി മസ്ജിദ് കാലത്ത് മുസ്ലിം ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് തെറ്റിപ്പിരിഞ്ഞുപോയ വിഭാഗത്തെ തോളത്ത് ഇരുത്തിയാണ് സി.പി.എം ലീഗിനെതിരെ തിരിയുന്നത്. സി.പി.എമ്മിന്റെ വർഗീയ നരേറ്റീവ് കേരളത്തിൽ പൊളിച്ചടുക്കും. ഇത് മതേതര കേരളമാണെന്ന് തെളിയിക്കും. എന്തു വിലകൊടുത്തും അതിനുവേണ്ടി നിൽക്കും. ഒരു വിട്ടുവീഴ്ചക്കും തയാറാവില്ല. ആരുടെയും മുന്നിൽ തലകുനിക്കുകയോ മുട്ടുമടക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് കാണാമെന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.