കോഴിക്കോട്: അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടർച്ചക്കായി യു.ജി.സി നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനത്തിനൊരുങ്ങി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നുപോയ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് 2001ൽ സ്ഥാപിതമായ സോഷ്യൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സാഫി 2005ൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി സ്ഥാപിച്ചു. മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയിൽ തനത് മുദ്ര പതിപ്പിച്ച സാഫി ഇതിനോടകം മലേഷ്യയിലെ ലിങ്കൺ യൂനിവേഴ്സിറ്റിയുമായി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള (Ph.D) ധാരണാ പത്രം ഒപ്പു വെക്കുകയും ഗവേഷണ കേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് നാക് സന്ദർശനം നടക്കാൻ പോകുന്നതെന്ന് സ്ഥാപനത്തിന്റെ സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഫിയുടെ സർവതോൻമുഖമായ വളർച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നടത്തിപ്പിലും ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ പറഞ്ഞു.
നേതൃപാടവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന ലീഡേഴ്സ് അക്കാദമി, കോവിഡാനന്തരം ആരംഭിച്ച ചാണക്യ സിവിൽ സർവീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച 'ഹ്യൂമൻ റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, അധ്യാപക വിദ്യാർഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസർച്ച് ഡയറക്ടറേറ്റ് തുടങ്ങിയവ സാഫിയുടെ സവിശേഷ പദ്ധതികളാണ്. ചുരുങ്ങിയ കാലം കൊണ്ട് തുടങ്ങിയ യു.ജി.സി. 2എഫ് അംഗീകാരം, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ തുടങ്ങി വളർച്ചയുടെ ഉന്നത പടവുകൾ സ്ഥാപനം താണ്ടിക്കഴിഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സാഫിയെ ഒരു സർവകലാശാലയായി ഉയർത്താനാണ് അടുത്ത നടപടി. യു.ജി.സി നാക് സന്ദർശനത്തിനു മുന്നോടിയായി വിശദമായ സെൽഫ് സ്റ്റഡി റിപ്പോർട്ട് കോളജ് ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ നേതൃത്വത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.