ലോക കേരളസഭ: യൂസുഫലിയുടേത്​ അദ്ദേഹത്തിന്‍റെ അഭിപ്രായം, ഞങ്ങൾ ഞങ്ങളുടെ നയം പറഞ്ഞു -സാദിഖലി തങ്ങൾ

തിരുവനന്തപുരം: ലോക കേരളസഭ ബഹിഷ്കരണത്തിൽ പ്രതിപക്ഷ നിലപാട് ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമർശിച്ച എം.എ. യൂസുഫലിയെ തള്ളാതെയും മുസ്​ലിംലീഗ് നേതൃത്വം. യൂസുഫലി ആദരണീയ വ്യക്തിത്വമാണ്​. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യു.ഡി.എഫ് നയമാണെന്നും മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യൂസുഫലി കേവലം ബിസിനസുകാരൻ മാത്രമല്ല. ലീഗിനെ സംബന്ധിച്ചിടത്തോളം ജീവകാരുണ്യ പ്രവർത്തനങ്ങൾ പരമപ്രധാനമാണ്. ധാരാളം ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൂടിയാണ് യൂസുഫലി. അദ്ദേഹത്തിന്‍റെ മാന്യതയെ അംഗീകരിക്കുന്നതായും സാദിഖലി തങ്ങൾ പറഞ്ഞു.

ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ എം.എ. യൂസുഫലി വിമര്‍ശിച്ചിരുന്നു. ലീഗ് നേതാവ് കെ.എം. ഷാജി ഇതിന് പരോക്ഷമായി മറുപടിയും നല്‍കി. ഈ സാഹചര്യത്തിലാണ് സാദിഖലി തങ്ങളുടെ വിശദീകരണം.

യു.ഡി.എഫിലെ പാർട്ടികൾ അനുവദിച്ചതിനാലാണ് തങ്ങളുടെ പ്രവാസി സംഘടനകൾ ലോക കേരളസഭയിൽ പങ്കെടുത്തതെന്ന്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ വീട് ആക്രമിച്ചതടക്കം കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്നതിനാലാണ് പ്രതിഷേധമെന്ന നിലയിൽ യു.ഡി.എഫ് വിട്ടുനിന്നത്​. കഴിഞ്ഞതവണ സമ്പൂർണ ബഹിഷ്കരണമായിരുന്നു. പരിപാടി നടക്കട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം ഇത്തവണ സ്വീകരിച്ചത്. സാമാന്യബുദ്ധിക്ക് നിരക്കുന്ന സമരമുറയാണത്. ജനാധിപത്യ സംവിധാനത്തിലുള്ളതാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Sadiqali Shihab Thangal about Loka Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.