സന്നിധാനത്ത് വെള്ളത്തിനു നിയന്ത്രണം; നടപ്പന്തല്‍ കഴുകുന്നതിനു വിലക്ക്

ശബരിമല: സന്നിധാനത്ത് ശുദ്ധജലത്തിന്‍െറ ഉപയോഗത്തിനു നിയന്ത്രണം. കുന്നാറില്‍നിന്നുള്ള വെള്ളത്തിന്‍െറ അളവ് കുറഞ്ഞതാണ് കാരണം. പമ്പയില്‍നിന്ന് കൂടുതല്‍ സമയം പമ്പ് ചെയ്താണ് താല്‍ക്കാലികമായി വെള്ളം ലഭ്യമാക്കുന്നത്. സന്നിധാനം ശുചീകരിക്കാനായി അഗ്നിശമനസേനക്ക് നല്‍കുന്ന വെള്ളത്തിന്‍െറ അളവ്  പകുതിയായി കുറച്ചു.

ഭസ്മക്കുളത്തില്‍ ആഴ്ചയില്‍ രണ്ടു തവണ വെള്ളം മാറുന്നത് ഒന്നാക്കി. സന്നിധാനത്ത് ദിവസം ഒരു കോടി ലിറ്റര്‍ വെള്ളമാണ് വേണ്ടിവരുന്നത്. തിരക്ക് കൂടുമ്പോള്‍ ആവശ്യവും കൂടും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയില്‍ താഴെ മാത്രമാണ് പൈപ്പുകളിലൂടെ വെള്ളം എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10വരെ കുന്നാറില്‍നിന്നുള്ള വെള്ളം എത്തിച്ചാണ് സന്നിധാനത്തെ ആവശ്യം നിറവേറ്റിയിരുന്നത്.
സന്നിധാനത്ത് കുപ്പിവെള്ളം പൂര്‍ണമായി നിരോധിച്ചതോടെ ശബരിതീര്‍ഥം എന്നപേരില്‍ ദേവസ്വം ബോര്‍ഡ് പമ്പ മുതല്‍ സന്നിധാനംവരെ 132 ഇടത്ത് ശുദ്ധജല വിതരണ ടാപ്പ് സ്ഥാപിച്ചിരുന്നു.

വെള്ളത്തിന്‍െറ ദൗര്‍ലഭ്യം കുടിവെള്ള വിതരണത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി പമ്പ നദിയില്‍നിന്ന് പ്രതിദിനം 50 ലക്ഷം ലിറ്റര്‍ വെള്ളമാണ് ശരംകുത്തിയിലെ ടാങ്കിലേക്ക് എത്തിക്കുന്നത്. പമ്പയില്‍നിന്ന് മണിക്കൂറില്‍  2,90,000 ലിറ്റര്‍ വെള്ളം എത്തിക്കാനുള്ള ശേഷിയേ വാട്ടര്‍ അതോറിറ്റിക്കുള്ളൂ. ഇത് നിലവിലെ ഉപഭോഗത്തിന്‍െറ പകുതിയില്‍ താഴെ  മാത്രമാണ്. കുന്നാറിലെ വെള്ളം പൂര്‍ണമായി നിലച്ചാല്‍ പമ്പയില്‍നിന്നുവേണം വെള്ളം എത്തിക്കാന്‍. വെള്ളത്തിന്‍െറ ലഭ്യത കുറഞ്ഞതോടെ നടപ്പന്തല്‍ കഴുകുന്നതിന് അഗ്നിശമനസേനക്ക് വിലക്കേര്‍പ്പെടുത്തി. ഇപ്പോള്‍ മാളികപ്പുറം ക്ഷേത്രപരിസരവും സോപാനവും പതിനെട്ടാംപടിയും മാത്രമാണ് കഴുകുന്നത്. പ്രതിസന്ധി രൂക്ഷമായാല്‍ മാളികപ്പുറം ക്ഷേത്രം ശുദ്ധീകരണവും നിര്‍ത്തിവെക്കേണ്ടിവരും.

അഗ്നിശമന സേനക്ക് ദിവസം 10 ലക്ഷം ലിറ്റര്‍ വെള്ളമാണ്  വേണ്ടിവരുന്നത്. കരുതലോടെ വെള്ളം ഉപയോഗിക്കണമെന്നും അഗ്നിശമനസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.   സാധാരണ മൂന്നു ദിവസം കൂടുമ്പോള്‍ ഭസ്മക്കുളത്തിലെ പഴയവെള്ളവും ചളിയും നീക്കം ചെയ്യുമായിരുന്നു. എന്നാല്‍, വെള്ളം കുറവായതിനാല്‍ ഇത് 10 ദിവസത്തില്‍ ഒന്നാക്കി കുറച്ചിട്ടുണ്ട്. ഒരു തവണ കുളം വൃത്തിയാക്കി പുതിയ വെള്ളം നിറക്കണമെങ്കില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് വേണ്ടിവരുന്നത്. വരള്‍ച്ചകടുത്താല്‍ കുടിവെള്ളം എങ്ങനെ എത്തിക്കുമെന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്.

 

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.