ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞു; പമ്പയിൽ സംഘർഷാവസ്ഥ VIDEO

പമ്പ/പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ ബലത്തിൽ ശബരിമല ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു. ആന്ധ്ര സ്വദേശി മാധവിയെയും ചേർത്തല സ്വദേശി ലിബി സി.എസിനെയും ആണ് അയ്യപ്പ ധർമസേന പ്രവർത്തകർ തടഞ്ഞത്. പമ്പയിൽ വെച്ചാണ് മാധവി അടക്കം ആറംഗ കുടുംബത്തെ പ്രതിഷേധക്കാർ തടഞ്ഞത്.

ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ കുടുംബം സന്നിധാനത്തേക്ക് പോകുന്നതിനായി 10.45ഒാടെ ആണ് പമ്പയിലെത്തിയത്. പ്രതിഷേധക്കാർ ഇവരെ തടയുകയും പ്രായം തെളിയിക്കുന്ന രേഖ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് 45 വയസെന്ന് വ്യക്തമാക്കിയ യുവതിയെ പ്രതിഷേധക്കാരുടെ സംഘം തടയാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ തള്ളിമാറ്റി പൊലീസ് ഇവർക്ക് വഴി ഒരുക്കി. പൊലീസ് സംരക്ഷണയിൽ യുവതിയും കുടുംബവും സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്വമേധയാ പിൻതിരിഞ്ഞു.

സ്വാമി അയ്യപ്പൻ റോഡിലൂടെ മല കയറാനായിരുന്നു ഇവരുടെ ശ്രമം. പരമ്പരാഗത പാതയിൽ നീലിമലമല വഴി സ്വാമി അയ്യപ്പൻ റോഡിലൂടെ 100 മീറ്റർ ദൂരം ആന്ധ്രാ കുടുംബം മുന്നോട്ടു പോയി. ഈ സമയത്ത് പൊലീസും മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് രാഹുൽ ഈശ്വറിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ഇടതുവശത്തും മറ്റൊരു സംഘം വലതുവശത്തും കൂടി യുവതിയെ പിന്തുടർന്നു. വീണ്ടും പ്രതിഷേധക്കാർ യുവതിയുടെ മലകയറ്റം തടസപ്പെടുത്തി.

പരമ്പരാഗത പാതിയിൽ പ്രവേശിക്കുന്നത് വരെ മാത്രമാണ് പൊലീസ് സുരക്ഷ ഉണ്ടായിരുന്നുള്ളൂ. പ്രതിഷേധക്കാരെ മറികടന്ന് സന്നിധാനത്തേക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് യുവതിയും കുടുംബവും മല ഇറങ്ങാൻ തീരുമാനിച്ചത്.

പത്തനംതിട്ട ബസ്റ്റാൻഡിൽ വെച്ചാണ് ചേർത്തല സ്വദേശി ലിബിയെ സ്ത്രീകൾ അടക്കമുള്ള അയ്യപ്പ ഭക്തരും പ്രദേശവാസികളും തടഞ്ഞത്. പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

ഇതിനിടെ യുവതിയെ കൈയേറ്റം ചെയ്യാനും പ്രതിഷേധക്കാർ ശ്രമിച്ചു. തുടർന്ന് പൊലീസ് സുരക്ഷ ഒരുക്കി. സംഘർഷ സാഹചര്യത്തിൽ ബസ്റ്റാൻഡിൽ നിന്ന് ലിബിയയെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത പൊലീസ്, സംഭവത്തിൽ കണ്ടാലറിയുന്ന 50 പേർക്കെതിരെ കേസെടുത്തു.

ശബരിമല ക്ഷേത്ര ദർശനത്തിൽ നിന്ന് പിന്മാറില്ലെന്ന് ലിബിയ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി വിധിയെ എല്ലാവരും മാനിക്കണം. വിധി അനുകൂലമാണെന്ന് അറിഞ്ഞത് മുതൽ വ്രതത്തിലാണ്. എല്ലാം സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കോടതി വിധി നടപ്പിലാവണം. പ്രശ്നങ്ങൾ ഉണ്ടായാൽ നേരിടുമെന്നും ലിബി പറഞ്ഞു.

യുവതിക്ക് ക്ഷേത്ര ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് പത്തനംതിട്ട എസ്.ഐയും അറിയിച്ചു.

Full ViewFull View
Tags:    
News Summary - Sabarimala Women Entry Ladies Prohibited -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.