കണ്ണന്താനമറിയാൻ, ശബരിമലക്ക് തന്നത് നൂറല്ല വെറും 19 കോടി -തോമസ് ഐസക്

കോഴിക്കോട്: നൂറു കോടി രൂപ തന്നിട്ട് എന്തു ചെയ്തുവെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി തോമസ്. ശബരിമലക്ക് കേന്ദ്രസർക്കാർ തന്നത് വെറും 19 കോടി രൂപ മാത്രമാണെന്ന് തോമസ് ഐസക് പറഞ്ഞു. 100 കോടി രൂപ അനുവദിച്ചു, എന്നാൽ അത് തന്നിട്ടില്ല. കേന്ദ്രം തന്നത് വെറും പത്തൊമ്പതു കോടി രൂപ മാത്രയാണ്. അകാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ടെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ശബരിമലയിലെ സമരത്തിന് നേതൃത്വം നൽകാൻ ഇനി കേന്ദ്രമന്ത്രിമാർ വരുമത്രേ. അതുംപറഞ്ഞ് കേരള സർക്കാരിനെ ശ്രീധരൻ പിള്ള വെല്ലുവിളിയും നടത്തിയത്രേ. ശബരിമലയിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതു തടയാൻ കേന്ദ്രമന്ത്രിമാർ വരുമെങ്കിൽ എത്രയും വേഗം കൊണ്ടുവരാൻ ശ്രീധരൻപിള്ള ഉത്സാഹിക്കണം. അതല്ല, ഇന്ന് അൽഫോൺസ് കണ്ണന്താനം വന്നതുപോലെയാണെങ്കിൽ സംഘികൾക്കും ചിരിക്കാനുള്ള വക കിട്ടും. ആരു വന്ന് ഏതു വിമർശനം ഉന്നയിച്ചാലും ഞങ്ങൾക്കു പറയാനുള്ളതു പറയും. അതുറപ്പാണ്.

കണ്ണന്താനത്തിന്‍റെ ഒന്നാമൂഴം കേമമായിരുന്നു. ശബരിമലയിലെ പ്രാഥമിക സൗകര്യങ്ങളുടെ സ്ഥിതിയെങ്ങനെയെന്ന് തമിഴ്നാട്ടിൽ നിന്നു വന്ന ഭക്തരോടു ചോദിക്കുന്നതും അവരുടെ സംതൃപ്തി ബോധ്യപ്പെട്ട് ചോദ്യം തന്നെ അബദ്ധമായി എന്ന മട്ടിൽ ജാള്യം മറയ്ക്കാൻ പാടുപെട്ട് കണ്ണന്താനം നിഷ്ക്രമിക്കുന്നതുമായ ഒരു വീഡിയോ കണ്ടു. അത്തരം സീനുകൾ സൃഷ്ടിക്കാൻ ഇനിയും കേന്ദ്രമന്ത്രിമാരെ നമുക്കു സ്വാഗതം ചെയ്യാം. സംഘർഷത്തിനിടയിൽ മനസു തുറന്നു ചിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്!

തന്‍റെ വകുപ്പ് നൂറു കോടി രൂപ തന്നിട്ട് എന്തു ചെയ്തുവെന്ന കണ്ണന്താനത്തിന്‍റെ ചോദ്യവും അസലായി. നൂറു കോടി രൂപ തന്നിട്ടൊന്നുമില്ല. അനുവദിച്ചതേയുള്ളൂ. തന്നത് വെറും പത്തൊമ്പതു കോടി രൂപയാണ്. അതിന്‍റെ കാര്യം ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ട്.

കേന്ദ്ര ടൂറിസം സഹമന്ത്രിയുടെ അറിവിലേയ്ക്കായി ഒരു കാര്യം കൂടി പറയാം. ഈ ഇരുപതു കോടി രൂപയല്ല കേരള സർക്കാർ ശബരിമലയ്ക്കു ചെലവാക്കിയത്. വാർഷികപദ്ധതിയുടെ ഭാഗമായി ഈ വർഷം അനുവദിച്ചത് 28 കോടി. പതിനൊന്നിനം പ്രവൃത്തികൾക്കു വേണ്ടിയാണ് ഈ തുക. അതു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ, പ്രളയത്തിൽ കേടുപാടു പറ്റിയ ശബരിമല റോഡുകൾ മുഴുവൻ പുനരുദ്ധരിക്കുന്നതിന് സീസൺ തുടങ്ങുന്നതിനു മുമ്പ് അനുവദിച്ച 200 കോടി.

അതിനു പുറമെയാണ് കിഫ്ബിയിൽ നിന്ന് അനുവദിച്ച 150 കോടി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പമ്പയിൽ 45 കോടി രൂപയുടെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റാണ്. നിലയ്ക്കലിലെ സൗകര്യങ്ങൾക്കു വേണ്ടിയുള്ള 35 കോടി രൂപയുണ്ട്. എരുമേലി, റാന്നി, ചെങ്ങന്നൂർ തുടങ്ങിയ ഇടത്താവളങ്ങളുടെ വികസനത്തിന് 50 കോടി രൂപ. അങ്ങനെ ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്ക് സമഗ്രമായ ഒരു പദ്ധതിയുമായാണ് കേരള സർക്കാർ മുന്നോട്ടു പോകുന്നത്.

ശബരിമലയിൽ വേണ്ടത്ര സൗകര്യങ്ങളില്ല എന്നു വിമർശിക്കുന്ന യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ പ്രളയകാലം മറന്നുപോയി എന്നു തോന്നുന്നു. പമ്പ വഴിമാറി ഒഴുകിയതും ശബരിമലയിലുണ്ടായ നാശനഷ്ടങ്ങളും ഇത്ര പെട്ടെന്ന് മറക്കുന്നതെങ്ങനെ? ഈ കെടുതികൾ മറികടന്ന് തീർത്ഥാടനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കീഴ്വഴക്കങ്ങൾ മാറ്റിവെച്ച് ടാറ്റാ കൺസൾട്ടൻസി സർവീസസിന് മൊത്തം പണിയും ചെയ്യാൻ കരാർ കൊടുക്കുകയാണ് സർക്കാർ ചെയ്തത്. ഈയൊരു സമീപനം തുടർന്നും സ്വീകരിച്ച് പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ ശബരിമലയിൽ ചെയ്യാവുന്ന നിർമ്മാണ പ്രവൃത്തികൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഗ്രീൻ ട്രിബ്യൂണൽ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത മാസ്റ്റർപ്ലാനിൽ ഒതുങ്ങി നിന്നേ പറ്റൂ. കൂടുതൽ വനഭൂമി അനുവദിക്കില്ല എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിമിതിയ്ക്കുള്ളിൽ നിന്ന് പ്രളയാനന്തര പുനരുദ്ധാരണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തിയത്.

അതുകൊണ്ടാണ് അൽഫോൺസ് കണ്ണന്താനം പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീർത്ഥാടകരിൽ നിന്ന് ഉണ്ടാകാത്തത്. നിറചിരിയോടെ അവർ പ്രകടിപ്പിച്ച സംതൃപ്തിയാണ് ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തിൽ സർക്കാരിനു ലഭിച്ച ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.

Full View
Tags:    
News Summary - Sabarimala Thomas Issac Alphons Kannanthanam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.