തിരുവനന്തപുരം: ദ്വാരപാലക ശില്പ പാളികളിലെ സ്വര്‍ണമോഷണ കേസിലും ശബരിമല തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു. കട്ടിളപ്പാളി കേസിലെ സമാന ഗൂഢാലോചനയും ഒത്താശയും ദ്വാരപാലക ശില്പ പാളി കേസിലും തന്ത്രി നടത്തിയെന്നാണ് കണ്ടെത്തൽ. നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ അന്വേഷണ ഉദ്യോഗസ്ഥർ അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ തന്ത്രി ജയില്‍ മോചിതനാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ഉറപ്പായി. നിലവില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന വാജീവാഹന ഇടപാടിലും കേസെടുത്താല്‍ തന്ത്രി വീണ്ടും കുരുക്കിലാവും. ഇദ്ദേഹത്തെ കസ്റ്റഡിയിൽ ലഭിക്കാൻ വെള്ളിയാഴ്ച അന്വേഷണ സംഘം അപേക്ഷ നൽകും.
ശബരിമലയിലെ വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടന്നത്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.ഐ.ടി കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. സ്വർണപ്പാളികള്‍ പുറത്തുകൊണ്ടുപോകുന്നത് തന്ത്രിയുടെ അറിവോടെയായിരുന്നെന്നും തിരികെയെത്തിക്കാന്‍ വൈകിയപ്പോഴും ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദ്വാരപാലക കേസിൽകൂടി പ്രതിചേർക്കാൻ കോടതിയുടെ അനുമതി തേടിയത്. തുടർന്നാണ് അറസ്റ്റ്.
ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങി ജീവപര്യന്തം ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ് ആദ്യ കേസിൽ തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തു കൊണ്ടുപോകാന്‍ കണ്ഠര് രാജീവര് ഒത്താശ ചെയ്തെന്നാണ് ആദ്യകേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.