തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ബോധപൂർവം വൈകിപ്പിക്കുന്നതായി ആക്ഷേപം ശക്തം. മാർച്ച് 31ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഹൈകോടതിയെ നേരത്തെ അറിയിച്ച എസ്.ഐ.ടി, പിന്നീട് കൂടുതൽ സമയം തേടിയത് മനഃപൂർവമാണെന്നാണ് ആരോപണം. അറസ്റ്റിലായ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചതോടെ ഇനി കുറ്റപത്രം സമർപ്പിക്കുന്നത് താമസിച്ചാലും പ്രശ്നമില്ലെന്ന നിലക്കാണ് കാര്യങ്ങൾ.
ഭരണപക്ഷ അനുകൂല നേതാക്കൾക്കുൾപ്പെടെ സ്വാഭാവിക ജാമ്യം ലഭിക്കാൻ പ്രത്യേക അന്വേഷണസംഘം ഒത്തുകളിച്ചെന്ന നിലയിലാണ് കാര്യങ്ങൾ മാറുന്നത്. നിലവിൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് എസ്.ഐ.ടി രജിസ്റ്റർ ചെയ്തത്. കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കേസുകൾ. ഇതിൽ കരട് കുറ്റപത്രങ്ങൾ തയാറാക്കിയിട്ടും ബോധപൂർവമാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതെന്നാണ് ആക്ഷേപം.
വി.എസ്.എസ്.സി ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിൽ വ്യക്തത വരാത്തതിനാലാണ് ജംഷഡ്പൂരിലെ ലാബിലേക്ക് സാമ്പിളുകൾ അയച്ചത്. എത്രയും പെട്ടെന്ന് അവിടെനിന്ന് റിപ്പോർട്ട് വാങ്ങുമെന്നാണ് അന്വേഷണസംഘം പറഞ്ഞത്. എന്നാൽ, ഈ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസമുണ്ട്. ഇതും ബോധപൂർവമാണോയെന്ന സംശയം ശക്തമാക്കുന്നു.
അതിനിടെ, ശബരിമലയിൽനിന്ന് കവർന്നത് 1,700 ഗ്രാം സ്വർണമാണെന്നാണ് അന്തിമ നിഗമനം. എന്നാൽ, ഇത് പൂർണമായും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. പ്രതികളിൽ ഭൂരിഭാഗം പേർക്കുമെതിരെ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സർക്കാറിന്റെ പ്രോസിക്യൂഷൻ അനുമതി വേണം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ പുതിയ സർക്കാർ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘമെന്നാണ് വിവരം. രണ്ടു കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസിൽ 15 പ്രതികളാണുള്ളത്. കഴിഞ്ഞ ദിവസം ദേവസ്വംബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ മുഴുവൻ പ്രതികളും പുറത്തിറങ്ങി. തുടക്കത്തിൽ വേഗത്തിലാണ് അന്വേഷണം നീങ്ങിയത്. സി.പി.എം നേതാവ് എ. പത്മകുമാർ, സി.പി.ഐ നേതാവ് കെ.പി. ശങ്കരദാസ് എന്നിവരുൾപ്പെടെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ഹൈകോടതിയുടെ പ്രശംസ നേടുകയും ചെയ്തിരുന്നു. പിന്നീട് അന്വേഷണം മന്ദഗതിയിലായി. മൂന്ന് പ്രതികൾ കൂടി കേസിലുണ്ടാകുമെന്ന് പറഞ്ഞ എസ്.ഐ.ടി പിന്നാക്കം പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.