ശബരിമല
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബംഗളൂരു വ്യവസായി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ പുറത്തുവരുന്നതിനിടെ, 40 വർഷം ഗാരന്‍റിയുണ്ടായിരുന്ന പാളികളുടെ നിറംമങ്ങിയതിലും ദുരൂഹത. 2019ൽ ദ്വാരപാലക ശിൽപങ്ങളുടെ പാളികളിൽ 49 പവന്‍ സ്വർണം പൂശിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നത്. 40 വർഷത്തെ ഗാരന്‍റിയിലായിരുന്നു ജോലികൾ. എന്നാൽ, ആറാംവർഷംതന്നെ നിറംമങ്ങി.
നേരത്തേ, 2019ൽ സ്വർണം പൂശിയശേഷം തിരികെയെത്തിച്ചപ്പോൾ പാളികളുടെ തൂക്കത്തിലും കുറവ് വന്നിരുന്നതായി ഹൈകോടതി കണ്ടെത്തിയിരുന്നു. 42.8 കിലോയുണ്ടായിരുന്ന പാളികൾ സ്വർണംപൂശി തിരികെയെത്തിച്ചപ്പോൾ 4.41 കിലോയായാണ് കുറഞ്ഞത്. 1999ലാണ് ആദ്യമായി ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയത്. വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീകോവിലിനൊപ്പം ദ്വാരപാലക ശിൽപങ്ങളിലും സ്വർണപ്പാളികൾ പിടിപ്പിച്ചത്. ആകെ 18 കോടിയായിരുന്നു ചെലവ്.
ശ്രീകോവിലിലടക്കം 30.3 കിലോ സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചതായാണ് രേഖകളിൽ. ഇതിനുശേഷം 20 വർഷം കഴിഞ്ഞ് 2019ലാണ് രണ്ടാംതവണ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശുന്നത്. നിറംമങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്വർണംപൂശി നൽകാൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയത്.
ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായാണ് ദേവസ്വം വിജിലൻസിന്‍റെ വിലയിരുത്തൽ. ബംഗളൂരു കോറമംഗലക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെത്തിയത്. എട്ടുവർഷംമുമ്പ് കീഴ്ശാന്തിയുടെ സഹായികളായ പരികർമികളിൽ ഒരാളായി മണ്ഡലകാലത്ത് സന്നിധാനത്തെത്തി. ഈ ബന്ധം ചൂണ്ടിക്കാട്ടി കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ സാമ്പത്തികമായി ഉയർന്ന ഭക്തരുടെ വിശ്വസം ഇയാൾ പിടിച്ചുപറ്റിയതായാണ് വിവരം. പിന്നാലെ, ഇവരുടെ സമർപ്പണങ്ങൾ നടത്താനുള്ള ഇടനിലക്കാരനായി മാറി.
പത്തനംതിട്ട: സ്വർണം പൂശാൻ 2019ൽ തങ്ങൾക്ക് ലഭിച്ചത് ചെമ്പ് പാളികളായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പങ്കാളി അനന്തസുബ്രഹ്മണ്യൻ. മറച്ചുവെക്കാനൊന്നുമില്ല. സ്വർണം മോഷ്ടിക്കേണ്ട കാര്യവുമില്ല. ഭാഗ്യമായിട്ടായിരുന്നു സ്വർണം പൂശലിനുള്ള അവസരത്തെ കണ്ടിരുന്നത്. ദേവസ്വം വിജിലൻസിനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അനന്തസുബ്രഹ്മണ്യൻ, രമേഷ് റാവു എന്നിവർ ചേർന്നാണ് ദ്വാരപാലകശിൽപം സ്വർണം പൊതിഞ്ഞ് നൽകിയത്. ഇരുവരും ബംഗളൂരു സ്വദേശികളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ 22 വർഷമായി അറിയാമെന്ന് രമേഷ് റാവുവും പറഞ്ഞു. ബംഗളൂരുവിൽനിന്ന് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണനും അനന്തസുബ്രഹ്മണ്യനുമാണ്. താൻ ഒപ്പിട്ട് നൽകുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.