തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ നടന്നത് വൻ ഗൂഢാലോചനയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും സ്മാര്‍ട് ക്രിയേഷന്‍ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സ്വർണക്കവർച്ചയുടെ ഗൂഢാലോചന വെളിപ്പെടുത്തുന്നത്. പങ്കജ് ഭണ്ഡാരിയെ 12ാം പ്രതിയായും ഗോവര്‍ധനെ 13ാം പ്രതിയായുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലെ തന്നെ കേസിൽ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും സ്വർണമോഷണത്തിൽ നേരിട്ട് പങ്കുള്ളതായി റിപ്പോർട്ടിൽ പറയുന്നു. കുറ്റം മറക്കുന്നതിലും ഇരുവർക്കും പങ്കുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് നിർണായകമായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർധനും ദേവസ്വം ബോർഡിലെ ചിലരും ചേർന്നാണ് ഗൂഢാലോചന നടത്തിയത്.
ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും ഇവരുവർക്കും അറിയാമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ പാളികൾ സ്മാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. ഇതിൽനിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരിയെടുത്തു. ബാക്കി 470 ഗ്രാം സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റു. ഇക്കാര്യം ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് എസ്.ഐ.ടിക്കു മുന്നിൽ വെളിപ്പെടുത്തിയത്.
പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സമാന അളവിലെ സ്വർണമാണ് എസ്.ഐ.ടി സ്മാര്‍ട് ക്രിയേഷന്‍സില്‍നിന്നും ഗോവർധന്‍റെ പക്കൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം. സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ബോർഡ് ജീവനക്കാർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു.
ഇവർക്ക് ദേവസ്വം ജീവനക്കാരുമായുള്ള ബന്ധവും ഗൂഢാലോചനയും കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ നൽകും. സ്വർണം സ്മാർട് ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ പക്കലെത്തിച്ച രണ്ടാം പ്രതി കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.