നയപ്രഖ്യാപന പ്രസംഗം; ഗവർണറുടെ ആവശ്യം തള്ളി നിയമസഭ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ താൻ ഒഴിവാക്കിയ ഭാഗങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആവശ്യം തള്ളി നിയമസഭ. താൻ വായിച്ച ഭാഗങ്ങൾ മാത്രമേ സഭാരേഖകളിൽ നയപ്രഖ്യാപനമായി ഉണ്ടാകാവൂ എന്നാവശ്യപ്പെട്ട് ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം സഭയെ അറിയിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കത്ത് സ്പീക്കർ സഭയുടെ പരിഗണനക്ക് വെച്ചത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് സഭ അംഗീകരിക്കുന്നതെന്നും ഗവർണറുടെ കത്ത് പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് അറിയിച്ചു. ഇത് സഭ അംഗീകരിക്കുകയായിരുന്നു.

നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച് മുഖ്യമന്ത്രിയുടെ കത്തോടുകൂടിയാണ് ഗവർണർക്ക് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സഭയിൽ വായിച്ചത് ‘എന്റെ സർക്കാറിന്റെ’ നയങ്ങളാണ്. ഏതെങ്കിലും കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ ഭിന്നാഭിപ്രായം ഉണ്ടെങ്കിലോ ഗവർണർക്ക് അത് മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു.

മുൻകാലങ്ങളിൽ ഇത്തരം കീഴ്വഴക്കങ്ങളുണ്ട്. എന്നാൽ, ഇത്തവണ ഒഴിവാക്കിയ ഭാഗങ്ങൾ സംബന്ധിച്ച് കത്ത് മുഖേനയോ നേരിട്ടോ ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല. ഗവർണർമാർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുന്ന രീതി മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ ആവശ്യം അംഗീകരിച്ചാൽ, മുൻ ഗവർണർമാർ സഭയിൽ വായിച്ച ഭാഗങ്ങൾ മാത്രമേ ഔദ്യോഗിക രേഖകളിൽ ഉണ്ടാകുമായിരുന്നുള്ളൂ എന്ന സ്ഥിതി വരും. അത്തരമൊരു മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ഗവർണറുടെ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് സഭ അംഗീകരിക്കുന്നതായി സ്പീക്കർ റൂളിങ് നൽകി.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗം ചില ഭാഗങ്ങൾ വിട്ടും കൂട്ടിച്ചേർത്തുമാണ് ഗവർണർ നടത്തിയത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നായിരുന്നു ഗവർണറുടെ നിലപാട്. എന്നാൽ, ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ മുഖ്യമന്ത്രി വായിക്കുകയും സഭ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ തന്‍റെയും മുഖ്യമന്ത്രിയുടെയും പ്രസംഗ വീഡിയോ ആവശ്യപ്പെട്ട് ലോക്ഭവൻ നിയമസഭ സ്‌പീക്കർക്ക് കത്തയച്ചിരുന്നു. എന്നാൽ, ഇതിന് സ്‌പീക്കർ മറുപടി നൽകിയിരുന്നില്ല. ഇതാണ് ഗവർണറുടെ കത്ത് സഭ തള്ളുന്നതിലേക്ക് എത്തിയത്.

Tags:    
News Summary - Policy address; Assembly rejects Governor's demand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.