തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ കൂലി നൽകാൻ വൈകിയാൽ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ വ്യാപകമായി വെട്ടിയൊതുക്കിയെന്ന് സി.എ.ജി. കൂലി നൽകാൻ 15 ദിവസത്തിൽ കൂടുതൽ വൈകിയാൽ ഓരോ ദിവസത്തേക്കും വേതനത്തിന്റെ 0.05 ശതമാനം നഷ്ടപരിഹാരം നൽകണം എന്നാണ് നിയമം. 2019-20 മുതൽ 2023-24 വരെയുള്ള ഓഡിറ്റ് കാലയളവിലെ ആകെ 677 ലക്ഷം ദിവസങ്ങളുടെ കാലതാമസത്തിന് 4.91 കോടി രൂപ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണം.
എന്നാൽ, ഇതിൽ 99 ശതമാനം തുകയും (4.87 കോടി) ഉദ്യോഗസ്ഥർ നിരസിക്കുകയാണുണ്ടായത്. വെറും 1.05 ശതമാനം തുകക്ക് മാത്രമാണ് അനുമതി നൽകിയത്. ക്ലെയിമുകളിൽ 99.86 ശതമാനവും ‘നഷ്ടപരിഹാരം നൽകേണ്ടതില്ല’ എന്ന ഒറ്റ കാരണത്താലാണ് ഒഴിവാക്കിയത്. പദ്ധതിയിൽ മസ്റ്റർ റോൾ അവസാനിപ്പിച്ച് 15 ദിവസത്തിനുള്ളിൽ കൂലി നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും 90 ദിവസം വരെ വൈകിപ്പിച്ചു. ചില കേസുകളിൽ സാധനസാമഗ്രികളുടെ തുകയും വേതനവും നൽകാൻ 22 മാസം വരെ കാലതാമസമുണ്ടായി.
അതേസമയം, കമ്പ്യൂട്ടർ സിസ്റ്റം റിപ്പോർട്ടുകൾ പ്രകാരം 98 ശതമാനം വേതനവും 15 ദിവസത്തിനുള്ളിൽ നൽകിയതായാണ് കാണിക്കുന്നത്. 202-23-24 കാലയളവിൽ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ പണം എത്തിയ യഥാർഥ തീയതി പരിശോധിച്ചപ്പോൾ, കമ്പ്യൂട്ടർ രേഖകളിൽ നിന്ന് വ്യത്യാസ്തമായി 180 ദിവസം വരെ വൈകലുണ്ടായതായി കണ്ടെത്തി. ഉദ്യോഗസ്ഥർ ഡിജിറ്റൽ ഒപ്പിട്ട തീയതി വരെയുള്ള വിവരങ്ങളാണ് 15 ദിവസത്തെ സമയപരിധിയായി കാണിച്ചതെന്നാണ് വിലയിരുത്തൽ. ഫലത്തിൽ അക്കൗണ്ടിലെത്തിയത് പിന്നെയും വൈകിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.