തിരുവനന്തപുരം: പിരിയാനുള്ള തിരക്കിൽ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഒരു മണിക്കൂറിനിടെ ‘ചുട്ടെടുത്തത്’ ഏഴ് ബില്ലുകൾ. ഇതിൽ ഒന്ന് ധനകാര്യ ബില്ലും മറ്റൊന്ന് ധനവിനിയോഗ ബില്ലുമായിരുന്നെങ്കിൽ അഞ്ചെണ്ണം നിയമനിർമാണമായിരുന്നു. ഒരാൾ കേരളീയനെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന കേരള നേറ്റിവിറ്റി കാർഡ് ബില്ലാണ് സഭ തിടുക്കപ്പെട്ട് പാസാക്കിയവയിൽ ഒന്ന്. മതിയായ ചർച്ചയില്ലാതെ സഭ ബില്ലുകൾ പാസാക്കുന്നതിനെതിരെ ‘ദോശ ചുടുന്ന ലാഘവത്തിൽ ബില്ലുകൾ ചുട്ടെടുക്കരുതെന്ന്’ മുതിർന്ന അംഗങ്ങളിൽനിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, പ്രതിപക്ഷ ബഹളത്തിനും ബഹിഷ്കരണത്തിനും പിന്നാലെ ഒരു ചർച്ചയുമില്ലാതെയാണ് സർക്കാർ ബില്ലുകൾ കൂട്ടത്തോടെ കൊണ്ടുവന്ന് പാസാക്കിയത്.
സംസ്ഥാന സർക്കാറിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും വിധം ആധികാരിക രേഖയായി അംഗീകരിക്കുന്നതാണ് നേറ്റിവിറ്റി കാർഡ്. ബിൽ സഭ പാസാക്കിയെങ്കിലും ഗവർണർ അംഗീകരിക്കുമോ എന്നത് നിർണായകമാണ്. നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് കാർഡിന് അർഹതയുണ്ടാവില്ലെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായോ മറ്റു കാരണങ്ങളാലോ, മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ലഭിക്കാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.
തഹസിൽദാറാണ് കാർഡ് അനുവദിക്കുകയെങ്കിലും ഇതു സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫിസിൽ സൂക്ഷിക്കും. സർക്കാർ കാലാകാലങ്ങളിൽ ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാൻ വിജ്ഞാപനമിറക്കാൻ സർക്കാറിന് അധികാരമുണ്ടാകും. ജൈവവൈവിധ്യ ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ, അഡ്വക്കറ്റ് ക്ലർക്ക് ക്ഷേമനിധി ബിൽ, അഭിഭാഷക ക്ഷേമനിധി ബിൽ, അധിക കള്ളിൽനിന്ന് വിനാഗിരിയടക്കമുള്ള മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാൻ വഴിയൊരുക്കുന്ന അബ്കാരി നിയമഭേദഗതി ബിൽ എന്നിവയും സഭ ചർച്ചയില്ലാതെ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.