തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി

കോഴിക്കോട്: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി. വനനിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കാൻ ഇതോടെ അനുമതിയായി.

പദ്ധതിയുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഉപയോഗിച്ച വനഭൂമിയുടെ അതിർത്തി പദ്ധതി ചെലവിൽ ഉൾപ്പെടുത്തി അടയാളപ്പെടുത്തണം, തുല്യ വിസ്തൃതിയിലുള്ള വനേതര ഭൂമിയിൽ പകരം വനവത്കരണം നടത്തണം, ഇവിടെ രണ്ടു വർഷത്തിനകം ഹെക്ടറിന് കുറഞ്ഞത് 1000 വൃക്ഷത്തൈകൾ നട്ടുവളർത്തണം, മരം വെട്ടുന്നത് പരമാവധി കുറക്കുകയും വന്യജീവി സംരക്ഷണ നടപടികൾ കർശനമായി പാലിക്കുകയും വേണം, വനഭൂമിയിൽ ലേബർ ക്യാമ്പുകൾ സ്ഥാപിക്കരുത്, നിർമാണ വസ്തുക്കൾ കൊണ്ടുപോകാൻ വനത്തിനുള്ളിൽ പുതിയ പാത നിർമിക്കരുത്, പദ്ധതി നിർദേശത്തിലില്ലാത്ത ഒരാവശ്യത്തിനും വനഭൂമി ഉപയോഗിക്കരുത് തുടങ്ങിയ 24 നിബന്ധനകളാണ് ഉത്തരവിലുള്ളത്.

ഇതോടൊപ്പം പാരിസ്ഥിതികാനുമതിയിലെ എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഭൂമി മറ്റേതെങ്കിലും ഏജൻസിക്കോ വ്യക്തിക്കോ കൈമാറാനാകില്ല. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ പദ്ധതി പ്രവൃത്തികൾ നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. പാതയുടെ പ്രവൃത്തി ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല.

കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി)നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്‌.പി.വി) കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ്. നാല് വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും. ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്. 2134. 5 കോടി രൂപയാണ് പദ്ധതി ചെലവ്.

Tags:    
News Summary - The Union Ministry of Environment and Forests has given final approval for the tunnel road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.