തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാമത്തെ ഉദ്യോഗസ്ഥനെതിരെയും നടപടി. കേസിൽ പ്രതിചേർത്ത ദേവസ്വം ബോർഡ് അസി. എൻജിനീയർ കെ. സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിപ്പട്ടികയിലെ വിരമിച്ച ഏഴ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും തിരുവനന്തപുരത്ത് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു.
ദ്വാരപാലക ശിൽപങ്ങളിലേത് സ്വർണം പൊതിഞ്ഞ ചെമ്പ് തകിടുകളാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകൾ എന്ന് മാത്രമെഴുതിയ മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ടവരിൽ ഒരാളാണ് സുനിൽകുമാർ. 2019 സെപ്റ്റംബർ 11ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് ശിൽപങ്ങൾ തിരികെ വാങ്ങുമ്പോൾ തൂക്കം നോക്കാതെ പേരിനുമാത്രം മഹസർ തയാറാക്കിയത് സുനിൽ കുമാറാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കേസിൽ പ്രതിയായതിന് പിന്നാലെയാണ് സസ്പെൻഷൻ. 2019ലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ഹരിപ്പാട് ദേവസ്വം കമീഷണറുമായ ബി. മുരാരി ബാബുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, ഔദ്യോഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പ്രത്യേക സംഘം ദേവസ്വം ആസ്ഥാനത്തെത്തി. സ്വർണക്കവർച്ച അന്വേഷിക്കാൻ ഹൈകോടതി അനുവദിച്ച ആറാഴ്ച വരെ ക്ഷമിച്ച് ബോർഡുമായി സഹകരിക്കാൻ പ്രതിപക്ഷ നേതാവടക്കമുള്ളവരോട് അഭ്യർഥിക്കുന്നതായി യോഗ ശേഷം പ്രസിഡന്റ് പി.എസ്. പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡല മഹോത്സവ ഒരുക്കം നടക്കുകയാണ്. രാഷ്ട്രപതിയും ശബരിമലയിലെത്തുന്നു. അതിനാൽ പ്രശ്നങ്ങളുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികളായ വിരമിച്ച മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു, മുൻ സെക്രട്ടറി എസ്. ജയശ്രീ, മുൻ തിരുവാഭരണം കമീഷണർ ആർ.ജി. രാധാകൃഷ്ണൻ, മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ. രാജേന്ദ്രൻ നായർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ വി.എസ്. രാജേന്ദ്ര പ്രസാദ് എന്നിവരോടാണ് വിശദീകരണം തേടുക.
പെൻഷൻ തടയുന്നതടക്കമുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് കെ.എസ്.ആർ -മൂന്ന് റൂൾ പ്രകാരം പത്തുദിവസത്തിനകം വിശദീകരണം നൽകാനാവശ്യപ്പെട്ട് നോട്ടീസ് നൽകുക. മറുപടി ലഭിക്കുമ്പോൾ തുടർനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.