തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച വി.പി. ജോയി കമീഷന് പരിഗണന വിഷയങ്ങൾ (ടേംസ് ഓഫ് റഫറസൻസ്) നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ, സേവന വ്യവസ്ഥകൾ എന്നിവയുടെ ഘടന പരിശോധിക്കും. ഇതിൽ ലഭ്യമായ സ്ഥാനക്കയറ്റ സാധ്യതകളും മറ്റ് അധിക ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നത് സംബന്ധിച്ച ശിപാർശകളാണ് സമർപ്പിക്കേണ്ടത്. കമീഷൻ പ്രവർത്തനമാരംഭിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പുതിയ ശമ്പള പരിഷ്കരണത്തിന് 2024 ജൂലൈ ഒന്നുമുതൽ പ്രാബല്യമുണ്ടായിരിക്കും.
സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, കാഷ്വൽ സ്വീപ്പർമാർ, എയ്ഡഡ് സ്കൂൾ-കോളജ് അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ജീവനക്കാർ തുടങ്ങിയവർ പരിഷ്കരണത്തിന്റെ പരിധിയിൽ വരും. എന്നാൽ, യു.ജി.സി/ എ.ഐ.സി.ടി.ഇ സ്കെയിൽ ലഭിക്കുന്നതുവരെയും കേന്ദ്ര ശമ്പള സ്കെയിൽ നിലവിലുള്ള മെഡിക്കൽ കോളജ് അധ്യാപകർ, ജുഡീഷ്യൽ ഓഫിസർമാർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളം നിശ്ചയിക്കാനുള്ള നിയമങ്ങളും നടപടിക്രമങ്ങളും പരിശോധിക്കണം. ഇത്തരം നടപടികൾക്കായി ചെലവഴിക്കുന്ന സമയവും പണവും കുറക്കുക എന്ന ലക്ഷ്യത്തോടെ അവ ലളിതമാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കണം. ശമ്പളഘടനക്ക് പുറമെ പ്രമോഷൻ സാധ്യതകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും പരിശോധിക്കും. ദീർഘകാലമായി എൻട്രി കേഡറിൽ തുടരുന്ന ഗസറ്റഡ്, നോൺ-ഗസറ്റഡ് വിഭാഗങ്ങളിൽപെട്ട തസ്തികകളിലെ ജീവനക്കാർക്കായി ‘നോൺ-കേഡർ പ്രൊമോഷൻ’ സാധ്യതകൾ പരിശോധിക്കണം.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതും സംസ്ഥാന ജീവനക്കാർക്ക് ലഭ്യമല്ലാത്തതുമായ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കും. സ്ത്രീ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ലിംഗസമത്വത്തിലധിഷ്ഠിതമായ സേവന വ്യവസ്ഥകൾ നിർദേശിക്കണം. സർവിസ് പെൻഷൻകാരുടെ ആനുകൂല്യങ്ങളിൽ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം.
സിവിൽ സർവിസിന്റെ കാര്യക്ഷമത വർധിപ്പിക്കുക, ജനസൗഹൃദമാക്കുക, സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുക എന്നിവയും പരിഗണനാ വിഷയങ്ങളാണ്. ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും അത് കണ്ടെത്താനുള്ള മാർഗങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണം. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിശോധിച്ച് പരിഹാരങ്ങൾ നിർദേശിക്കണം.
മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷനായ കമീഷനിൽ അഡ്വ. എം. രാജഗോപാലൻ നായർ, റിട്ട. ധനകാര്യ അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശോഭ വി.ആർ കമീഷൻ സെക്രട്ടറിയായി പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.