ശബരിമല: അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി -മന്ത്രി കെ. രാജന്‍

ശബരിമല: ഇത്തവണ മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത്​ 40 ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ. രാജന്‍. പമ്പയില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തീര്‍ഥാടനം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എമർജെന്‍സി ഓപറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തി. അപകടമുണ്ടായാല്‍ ഭക്തരെ സുരക്ഷിതമായി എത്തിക്കാനുള്ള ആറ് സ്ഥലങ്ങളും കണ്ടെത്തി.

ഒരു സമയത്ത് സന്നിധാനത്തും പരിസരങ്ങളിലുമായി രണ്ടുലക്ഷം ഭക്തരെ മാത്രമാണ് അനുവദിക്കുക. അതില്‍ കൂടുതല്‍ ഭക്തരെത്തിയാല്‍ സ്വാമി അയ്യപ്പന്‍ റോഡ് മുതല്‍ സന്നിധാനം വരെ തീര്‍ഥാടകരെ സമയബന്ധിതമായി കയറ്റിവിടുന്നത് പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. ഓരോ മൂന്ന് മണിക്കൂറിലെയും ഇടവേളകളിലായി തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ഏകോപന ചുമതലയുള്ള കലക്ടറെ അറിയിക്കും.

എൻ.ഡി.ആർ.എഫ് സംഘത്തിന്റെ രണ്ട് ടീം ശബരിമലയില്‍ തീര്‍ഥാടനകാലയളവില്‍ ക്യാമ്പ് ചെയ്യും. കലക്ടര്‍ക്കൊപ്പം ജില്ലയുടെ പുറത്തുനിന്നും എട്ട് ഡെപ്യൂട്ടി കലക്ടര്‍മാര്‍, 13 തഹസിദാര്‍മാര്‍, 500 ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സേവനത്തിന് ഉണ്ടാകും.

കഴിഞ്ഞ തവണയുണ്ടായ പ്രളയസാധ്യതകൂടി കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസും പങ്കെടുത്തു.

എമർജന്‍സി ഓപറേഷൻ സെന്ററുകൾ പ്രവര്‍ത്തനം തുടങ്ങി

ശബരിമല: മണ്ഡല, മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് അടിയന്തരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാൻ പമ്പയിലും നിലക്കലും സന്നിധാനത്തും തുടങ്ങിയ എമര്‍ജന്‍സി ഓപറേഷൻ സെന്ററുകൾ (ഇ.ഒ.സി) മന്ത്രി കെ. രാജൻ നിലക്കലിൽ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരാണ് അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പമ്പ, നിലക്കൽ, സന്നിധാനം, പത്തനംതിട്ട കലക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോൾ റൂം എന്നിവിടങ്ങളിലെ കണ്‍ട്രോൾ റൂമുകളെ ബന്ധിപ്പിച്ചാണ് എമര്‍ജന്‍സി ഓപറേഷൻ സെന്റർ (ഇ.ഒ.സി) പ്രവര്‍ത്തനം ആരംഭിച്ചത്. കണ്‍ട്രോൾ റൂമുകളുമായി ബന്ധപ്പെടാനുള്ള കാലതാമസം ഒഴിവാക്കാൻ ഇവയെ പരസ്പരം ബന്ധിപ്പിച്ച്​ ഹോട്ട്‌ലൈന്‍ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂർ ഇടവിട്ടും ശബരിമലയിലുള്ള ജനപ്രവാഹത്തിന്റെ വിവരങ്ങൾ ഈ കേന്ദ്രത്തിൽനിന്ന്​ വിവിധ ഓഫിസുകള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാം.

Tags:    
News Summary - Sabarimala: Emergency operation centers started- Minister K Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.