???????????????? ????? ??????? ????? ?????????????? ??????????

ഭക്തലക്ഷങ്ങളെ അന്നം ഊട്ടി പത്മനാഭന്‍ നായര്‍

ശബരിമല: ഭക്തലക്ഷങ്ങളെ അന്നം ഊട്ടിച്ച് പത്മനാഭന്‍ നായര്‍. ശബരീശ ദര്‍ശനം കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രുചികരമായ ഭക്ഷണം പാകം ചെയ്താണ് പത്മനാഭന്‍നായര്‍ അയ്യപ്പഭക്തരുടെ അന്നദാതാവായി മാറുന്നത്. ഈ വര്‍ഷം ആരംഭിച്ച പുതിയ അന്നദാന മണ്ഡപത്തിലേക്ക് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് തന്‍െറ കൈപുണ്യത്തില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാനായി പ്രഭാതം മുതല്‍ പ്രദോഷം വരെ അയ്യപ്പ ഭക്തരുടെ തിരക്കാണ്. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി കുറഞ്ഞത് 25,000 പേരെങ്കിലും ഒരുദിവസം എത്തും. കരുവാറ്റ കൃഷ്ണവിലാസത്തില്‍ പത്മനാഭന്‍ നായരുടെ സഹായിയായി രാജഗോപാലും ഗോകുലുമുണ്ട്, കൂടാതെ 40 സഹായികളും ഉള്‍പ്പെടെ നാനൂറോളം ജോലിക്കാരാണ് അന്നദാന മണ്ഡപത്തില്‍ അയ്യപ്പഭക്തരെ ഊട്ടിക്കുനായി സദാ സന്നദ്ധരായിട്ടിരിക്കുന്നത്.

14 വര്‍ഷം മുമ്പാണ് പത്മനാഭന്‍നായര്‍ ശബരിമലയില്‍ മണ്ഡലകാലത്തെ അന്നദാനത്തിന്‍െറ മുഖ്യ പാചകക്കാരനായി എത്തുന്നത്. ബന്ധുകൂടിയായ ദേവസ്വം കഴകക്കാരന്‍ മോഹനന്‍പിളള വഴിയാണ് പത്മനാഭന്‍ നായര്‍ ശബരിമലയില്‍ എത്തുന്നത്. നാട്ടില്‍ വിവാഹങ്ങള്‍ക്ക് പാചകം ചെയ്ത മുന്‍പരിചയമാണ് ഇദ്ദേഹത്തിന് പ്രചോദനമായത്. തുച്ഛമായ വരുമാനമാണ് തനിക്ക് ലഭിക്കുന്നതെങ്കിലും മണ്ഡലകാലം മുഴുവന്‍ ഇഷ്ട ദൈവസന്നിധിയില്‍ കഴിയാമല്ലോ എന്ന ചിന്തയും ഇദ്ദേഹത്തിന് ആവേശം പകരുന്നു.

പത്മനാഭന്‍നായര്‍ എത്തുമ്പോള്‍ ഒരു നേരം മാത്രമായിരുന്നു അന്നദാനം നല്‍കിയിരുന്നത.് തന്‍െറ ഭക്ഷണത്തിന്‍െറ രുചി കണക്കിലെടുത്താണ് മൂന്നു നേരവും ഭക്ഷണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.
18 വയസുളളപ്പോള്‍ മുതല്‍ മുടങ്ങാതെ മല ചവിട്ടുന്ന പത്മനാഭന്‍ നായര്‍ക്ക് ഇപ്പോള്‍ വയസ് 66 കഴിഞ്ഞു. നാലു പതിറ്റാണ്ടിലേറെയായി പതിവായി തുടരുന്ന ശബരിമല തീര്‍ഥാടനം അതില്‍ കഴിഞ്ഞ 13 വര്‍ഷമായി അയ്യപ്പഭക്തരെ അന്നമൂട്ടുന്ന ചുമതലയും ഇപ്പോള്‍ ഇദ്ദേഹത്തിനാണ്. പരാധീനതകളേറെയുണ്ടെങ്കിലും ഭക്തനെന്ന നിലയില്‍ നിറഞ്ഞ തൃപ്തിക്ക് മറ്റെന്തു വേണമെന്ന് പത്മനാഭന്‍ നായര്‍ ചോദിക്കുന്നു. കൂടാതെ എല്ലാ മാസവും നട തുറക്കുമ്പോള്‍ ഇവിടെ എത്തി അന്നം ഉണ്ടാക്കി ഭക്തര്‍ക്ക് നല്‍കാറുണ്ട്.

രാവിലെ ഉപ്പുമാവും ചക്കരകാപ്പിയും കടലയും തയാറാക്കും. എത്രപേര്‍ വന്നാലും തീരുന്നതിനനുസരിച്ച് ഉണ്ടാക്കി നല്‍കും. 10.30 വരെ ഇതുതുടരും, ഉച്ചക്ക് സാമ്പര്‍, അവിയല്‍, തോരന്‍, അച്ചാര്‍ എന്നിവയോടു കൂടിയുളള ഊണ് നല്‍കും. വൈകുന്നേരം പയറും കുത്തരിക്കഞ്ഞിയും അച്ചറും നല്‍കും നടയടച്ചു കഴിഞ്ഞാല്‍ വീണ്ടും ഉപ്പുമാവ് നല്‍കും. രുചിയുടെ കാര്യത്തില്‍ പത്മനാഭന്‍ നായര്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സന്നിധാനത്ത് പത്മനാഭന്‍ നായരുടെ ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് തുടങ്ങും. പിന്നീട് രാത്രി 10 വരെ വിശ്രമമില്ലാത്ത ജോലി. ഭക്ഷണം വിളമ്പാന്‍ ദേവസ്വം ജീവനക്കാരും എത്താറുണ്ട്.

ആര്‍. സുമേഷ്കുമാര്‍


പത്മനാഭന്‍നായര്‍ വൈകും നേരത്തെ കഞ്ഞിതയ്യാറാക്കുന്ന തിരക്കില്‍

Tags:    
News Summary - sabarimala chef padmanabhan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.