ശബരിമല അ​ക്രമം: സ്​ത്രീകളടക്കം 2061 പേർ അറസ്​റ്റിൽ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ അറസ്​റ്റ്​ തുടരുന്നു. വ്യാഴാഴ്ച രാത്രി 651 പേര്‍കൂടി പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട്​ ഇതുവരെ 2061 പേർ അറസ്​റ്റിലായി. 452 കേസുകളിലായാണ് അറസ്​റ്റ്. ഇതിൽ 1500പേരെ ജാമ്യത്തിൽ വിട്ടു. മറ്റുള്ളവർ റിമാൻഡിലാണ്​. പരിശോധനയും അറസ്​റ്റും തുടരുമെന്ന് പൊലീസ്​ അറിയിച്ചെങ്കിലും ഹൈകോടതി നിരീക്ഷണമുണ്ടായതോടെ പൊലീസ്​ ഉദ്യോഗസ്​ഥർ നിലപാട്​ മയപ്പെടുത്തിയെന്നാണ്​ അറിയുന്നത്​.

വ്യാഴാഴ്ച രാത്രിയിലും പുലർച്ചെയുമായി നടത്തിയ റെയ്ഡിലാണ്​ 651പേർ പിടിയിലായത്​. നിരീക്ഷണ കാമറകളിലും മറ്റും ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ്​ വ്യക്തമാക്കി​. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ജാമ്യമില്ല വകുപ്പ്​ ചുമത്തി അറസ്​റ്റിലായ സ്​ത്രീകളടക്കമുള്ളവരുടെ വിവരങ്ങൾ പൊലീസ്​ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം, മണ്ഡലകാലത്ത് യുവതികളെത്തിയാൽ പൊലീസ്​ സുരക്ഷയൊരുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവർത്തിച്ചു. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കാൻ പ്രത്യേക കമ്മിറ്റി രൂപവത്​കരിച്ചതായും അദ്ദേഹം പറഞ്ഞു. കെ.എസ്.​ആർ.ടി.സി ബസുകളും പൊലീസ്​ വാഹനങ്ങളും തകർത്ത കേസിൽ പിടിയിലായവർക്ക്​ ജാമ്യം ലഭിക്കാൻ 13 ലക്ഷം രൂപവരെ കെട്ടിവെക്കേണ്ടിവരും. 10,000 രൂപ മുതലുള്ള തുകയാണ്​ കെട്ടിവെക്കേണ്ടത്.

പൊലീസ് സേനക്ക് ഹെലികോപ്ടർ വാങ്ങും -ഡി.ജി.പി
കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ പൊലീസ് സേനക്ക് ഹെലികോപ്ടർ വാങ്ങുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും സ്വന്തമായി ഹെലികോപ്ടർ ഉണ്ട്. പ്രളയം നടന്ന സമയത്താണ് ഹെലികോപ്ടറില്ലാത്തതി​​​െൻറ ബുദ്ധിമുട്ട് മനസ്സിലായത്. ഇത് വാങ്ങാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ഉദ്യോഗസ്ഥർക്ക് ദുരന്തമേഖലയിൽ നടത്തേണ്ട രക്ഷാപ്രവർത്തനത്തെക്കുറിച്ച് 15 ദിവസമെങ്കിലും പ്രത്യേക പരിശീലനം നൽകും. ഒരു പരിശീലനവും ഇല്ലാതെയാണ് ആറുലക്ഷത്തോളം പേരുടെ ജീവൻ പൊലീസ് സേന രക്ഷിച്ചത്. ഇവർക്ക് ജലരക്ഷ മെഡൽ നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പൊലീസ് സ്​റ്റേഷനുകളിൽ വേണ്ട സാധനങ്ങൾ ഉടൻ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ 100 പൊലീസ് സ്​റ്റേഷനുകൾക്കാണ് റീചാർജ് ചെയ്യാൻ സാധിക്കുന്ന ടോർച്ചടക്കമുള്ള സാധനങ്ങൾ കൈമാറുക. യുനിസെഫുമായി സഹകരിച്ച് പ്രളയത്തിൽ മാനസികമായി തകർന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന പദ്ധതിക്ക് ഉടൻ തുടക്കമാകും.

Tags:    
News Summary - Sabarimala Attack, Security is responsibility of Police - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.