ശബരിമല വിമാനത്താവളം: കോടതിവിധി തിരിച്ചടി, പദ്ധതി വീണ്ടും ത്രിശങ്കുവിൽ

കോട്ടയം: സർക്കാർ കണ്ടെത്തിയ ഭൂമി സ്വകാര്യ ട്രസ്റ്റിന്‍റേതാണെന്നും സർക്കാറിന്​ ഭൂമിയിൽ ഒരവകാശവുമില്ലെന്നുമുള്ള പാലാ സബ്​കോടതി വിധി, സംസ്ഥാനത്തിന്‍റെ സ്വപ്നപദ്ധതികളിലൊന്നായ ശബരിമല ഗ്രീൻഫീൽഡ്​ വിമാനത്താവളത്തിന്​ തിരിച്ചടി. നിർദിഷ്ട വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടുവെച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാൽ, സർക്കാർ അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ സബ്​കോടതി തള്ളിയത്​. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇനി മേൽകോടതിയിൽനിന്ന് സർക്കാർ വാദം ശരിവെച്ചാലേ ഭൂമി ഏറ്റെടുക്കലുമായി സർക്കാറിന് മുന്നോട്ടുപോകാൻ സാധിക്കൂ.

എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. ബിലീവേഴ്സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റായിരുന്നു കേസിലെ എതിര്‍കക്ഷി. 2019ൽ തുടങ്ങിയതാണ് ഈ കേസ്. അതിലാണ് ഇപ്പോൾ സര്‍ക്കാറിന്‍റെ അവകാശവാദം കോടതി തള്ളിയത്. ഇതോടെ ഈ വർഷം പദ്ധതിയുടെ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങളിലേക്ക്​ കടക്കാമെന്ന സർക്കാർ പ്രതീക്ഷക്കാണ്​ തിരിച്ചടിയേറ്റത്​. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്​ പലതവണ സർവേയും സാമൂഹികാഘാത പഠനവുമൊക്കെ നടത്തിയിട്ടും അതൊന്നും നിലനിൽക്കുന്നതല്ലെന്ന നിലക്കാണ്​ കോടതി വിധികൾ. മുമ്പ്​ പലകുറി ഹൈകോടതി വിധിയുണ്ടായിട്ടുണ്ട്​. അതിന്​ പിന്നാലെയാണ്​ ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയിൽ സർക്കാറിന്​ അവകാശമില്ലെന്ന സബ്​കോടതി വിധിയും വന്നിട്ടുള്ളത്​.

വർഷങ്ങൾ പഴക്കമുള്ള കേസ്​

ചെറുവള്ളി എസ്​റ്റേറ്റ്​ ഭൂമിയുമായി ബന്ധപ്പെട്ട കേസിന്​ വർഷങ്ങളുടെ പഴക്കമുണ്ട്​​. അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺസ്​ മലയാളം ലിമിറ്റഡ്, അന്തരിച്ച ബിഷപ് കെ.പി. യോഹന്നാൻ എന്നിവർക്കെതിരെയാണ് സർക്കാർ കേസ്​ ഫയൽ ചെയ്തത്. എരുമേലി സൗത്ത് വില്ലേജിലും മണിമല വില്ലേജിലും ഉൾപ്പെട്ട 2263 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനായിരുന്നു സർക്കാർ കോടതി കയറിയത്. ഇത്​ സർക്കാർ ഭൂമിയെന്നായിരുന്നു സർക്കാർ വാദം. എരുമേലി സൗത്ത് വില്ലേജിലെ ഭൂമി 1910ലെ സെറ്റിൽമെന്‍റ്​ രജിസ്റ്റർ പ്രകാരം പണ്ടാരവകപ്പാട്ടം ഭൂമിയാണെന്ന വാദമാണ്​ സർക്കാർ ഉന്നയിച്ചത്​. എന്നാൽ, ബിഷപ് കെ.പി. യോഹന്നാന്‍റെ ട്രസ്റ്റ് ഗോസ്​പൽ ഫോർ ഏഷ്യ (അയന ട്രസ്റ്റ്​) 2005ൽ ഹാരിസൺസിൽനിന്ന് ഈ ഭൂമി വാങ്ങിയതായി അവകാശപ്പെട്ടു. എന്നാൽ, 2005ന് മുമ്പുള്ള ഒരുരേഖയിലും ഇത് സ്വകാര്യ ഭൂമിയാണെന്നതിന് രേഖാപരമായ തെളിവില്ലെന്നും പണ്ടാരവക ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാറിനാണെന്നും മണിമല വില്ലേജിലെ 150 ഏക്കർ വസ്​തു സെറ്റിൽമെന്‍റ്​ രജിസ്റ്ററിൽ വനഭൂമിയാണെന്നും സർക്കാർ വാദിച്ചു. എന്നാൽ, ഹാരിസൺസും അവരുടെ മുൻഗാമികളും നൂറ്റാണ്ടിലേറെയായി കൈവശംവെച്ചിരുന്ന ഭൂമിയാണിതെന്നും അതിനാൽ അവർക്ക് കൈവശാവകാശമുണ്ടെന്നുമുള്ള വാദമായിരുന്നു​ അയന ട്രസ്റ്റിന്‍റേത്​. എന്നാൽ, എത്രകാലം കൈവശം​വെച്ചാലും ഉടമസ്ഥത സൃഷ്ടിക്കപ്പെടില്ലെന്നും വിൽപന നടത്തിയവർക്ക് ഉടമസ്ഥാവകാശം ഉണ്ടായിരുന്നുവെന്ന് രേഖകളിൽ പറഞ്ഞിട്ടില്ലെന്നും ഗവ. പ്ലീഡർ കോടതിയിൽ വാദിച്ചു.

എന്നാൽ, ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ബ്രിട്ടീഷ് കമ്പനിക്ക്​ ലഭിച്ചിരുന്നെന്നായിരുന്നു​ ട്രസ്റ്റിന്‍റെ വാദം. ഈ സ്വത്തിന്‍റെ അവകാശികളെക്കുറിച്ചും അവർ കോടതിയിൽ വാദിച്ചു. ഭൂമിയുടെ ബി.ടി.ആർ, നികുതിരശീതുകൾ എന്നിവ തങ്ങൾക്ക്​ ഈ ഭൂമിയിലുള്ള ഉടമസ്ഥാവകാശം വ്യക്തമാക്കുന്നതാണെന്ന്​ അയന ട്രസ്റ്റ്​ ചൂണ്ടിക്കാട്ടി. ഹാരിസൺസ്​ മലയാളം കമ്പനി 2005ലെ കരാർപ്രകാരം ചെറുവള്ളി എസ്റ്റേറ്റ് ട്രസ്റ്റിന്​ വിറ്റതിന്‍റെ രേഖകളും അവർ ഹാജരാക്കി. അതാണ്​ അവർക്ക്​ അനുകൂലമായ വിധിയിലേക്ക്​ കാര്യങ്ങൾ കൊണ്ടെത്തിച്ചത്​.

ഹാരിസൺസ്​ മലയാളം കമ്പനി, കെ.പി. യോഹന്നാന്​ ചെറുവള്ളി എസ്റ്റേറ്റ് വിറ്റതോടെയാണ് വിദേശത്തോട്ടം സംബന്ധിച്ച വിഷയം പുറത്തുവന്നത്. ഈ ഭൂമി ഏറ്റെടുത്ത് സ്​പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ഇറക്കിയ ഉത്തരവിനെതിരെ ഹാരിസൺസ്​ കമ്പനി ഹൈകോടതിയിൽ നൽകിയ കേസിൽ സർക്കാറിന് ഉടമസ്ഥത സ്ഥാപിക്കാൻ സിവിൽ കോടതിയെ സമീപിക്കാമെന്ന് ഉത്തരവിട്ടിരുന്നു. അതിനെ തുടർന്നാണ് ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥത സ്ഥാപിക്കാൻ 2019ൽ പാലാ കോടതിയിൽ സർക്കാർ കേസ്​ ഫയൽ ചെയ്തത്. ആ കേസിലാണ്​ ആറ്​ വർഷത്തിനുശേഷം, ഭൂമിവാങ്ങിയ അയന ട്രസ്റ്റിന്​ അനുകൂലമായി വിധി വന്നതും സർക്കാറിന്​ തിരിച്ചടിയായതും.

Tags:    
News Summary - Sabarimala Airport: Court verdict sets back; Project in doubt again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.