ഡൽഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ് ആർഎസ്എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. മണ്ഡലത്തില്‍ ചെയ്ത വികസനത്തെക്കുറിച്ച് ഇൻഡ്യ സഖ്യക്കാർക്ക് വോട്ടർമാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആർ.എസ്.എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ആർ.എസ്.എസ് എന്തെന്ന് ജനങ്ങൾക്ക് അറിയാം. സി.പി.എമ്മുമായി ഒരു ബാന്ധവവും ആർ.എസ്.എസിനുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആർ.എസ്.എസ് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് സി.പി.എമ്മുമായുള്ള സഹകരണമല്ല. വാടിക്കൽ രാമകൃഷ്ണൻ മുതൽ രൺജിത്ത് ശ്രീനിവാസൻ വരെയുള്ള സംഘപ്രവർത്തകരുടെ ചോരക്കറ പേറുന്നവരാണ് സിപിഎമ്മുകാരെന്നും വി.മുരളീധരൻ പറഞ്ഞു.
രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നുണ്ടായത്. പ്രോട്ടോക്കോള്‍ തെറ്റിച്ച മന്ത്രി അതിന് വിശദീകരണം നല്‍കണം. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയഗാനത്തെയടക്കം അപമാനിച്ച ശിവന്‍കുട്ടിയുടെ ലക്ഷ്യം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ സങ്കൽപമാണ് ഭാരതാംബ. ഹമാസിന്‍റെ കൂടി അടയാളമായ കഫിയ അണിഞ്ഞ് പ്രകടനം നടത്തുന്നവർക്ക് ഭാരതാംബയുടെ ചിത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.