ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനത്തിൽ വി.ഡി. സതീശൻ പങ്കെടുക്കുന്ന ചിത്രം 

വി.ഡി സതീശന്‍ ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്ത ചിത്രം പുറത്തുവിട്ട് ആര്‍.എസ്.എസ്

തിരുവനന്തപുരം: സജി ചെറിയാന്‍റെ ഭരണഘടനാനിന്ദ ഗോൾവാൾക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രസ്താവനയില്‍ വിവാദം മുറുകുന്നു. 2013ല്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ ആര്‍.എസ്.എസ് പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ആര്‍.എസ്.എസിന്‍റെ സഹായം സതീശന്‍ തേടിയിട്ടുണ്ടെന്ന് സംഘപരിവാര്‍ നേതാവ് ആര്‍.വി ബാബു ഫേസ് ബുക്കില്‍ കുറിച്ചു.

സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ആര്‍.എസ്.എസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നാണ് ആര്‍.എസ്.എസ് ആവശ്യപ്പെട്ടത്. എന്നാല്‍ തന്‍റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സതീശന്‍ തിരിച്ചടിച്ചു. അതിന് പിന്നാലെയാണ് ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടത്.

2013 മാർച്ച് 24ന് തൃശൂരില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ സംസാരിക്കുന്ന ചിത്രങ്ങളാണ് ആര്‍.എസ്.എസ് നേതാക്കള്‍ പുറത്തുവിട്ടത്. ആര്‍.എസ്.എസും വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധം സതീശന് അറിയാന്‍ പാടില്ലേയെന്നാണ് ആര്‍.എസ്.എസ് നേതാവ് സദാനന്ദന്‍ മാസ്റ്റര്‍ ഫേസ് ബുക്കിലൂടെ ചോദിച്ചത്. ഗോള്‍വാര്‍ക്കറിനെ വെറുക്കുന്ന സതീശന്‍ എന്തിന് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് മറ്റൊരു ചോദ്യം.

വി.ഡി സതീശന്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം താന്‍ ആയിരുന്നെങ്കില്‍ വിചാരധാരയുടെ പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - rss released VD Satheesans picture participating program of Bharatiya Vicharakendra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.