വഴിയിൽ നഷ്ടമായ 42,500 രൂപ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് കണ്ടെടുത്തു

ആലപ്പുഴ: സ്വർണം വാങ്ങാൻ കൊണ്ടുവരുന്നതിനിടെ വഴിയിൽ നഷ്ടമായ യുവതിയുടെ പണം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് വീണ്ടെടുത്ത് നൽകി. ആലപ്പുഴ വഴിച്ചേരി വാർഡ് സ്വദേശിനി ഷിഫാന നിസാറിന്‍റെ പണമടങ്ങിയ പഴ്‌സാണ് നഷ്ടപ്പെട്ടത്. ഈമാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മുല്ലക്കലിലെ ജ്വല്ലറിയിൽനിന്നു സ്വർണം വാങ്ങാൻ കൊണ്ടുവന്ന 42,500 രൂപ അടങ്ങിയ പഴ്‌സ് ഓട്ടോയിൽ കളഞ്ഞുപോയെന്ന് പറഞ്ഞ് ആലപ്പുഴ നോർത്ത് പൊലീസിലാണ് പരാതി നൽകിയത്.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പഴ്‌സ് ഓട്ടോയിൽ അല്ല, ഇറങ്ങിയപ്പോൾ താഴെ വീണതാണെന്ന് മനസ്സിലായത്. ദൃശ്യത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് കിട്ടുന്നതായും കണ്ടെത്തി.

തുടർന്ന് ഇയാളെ കണ്ടെത്താൻ എ.വി.ജെ ജങ്ഷൻ മുതൽ പിച്ചുഅയ്യർ ജങ്ഷൻ വരെയും വടക്കോട്ട് കോടതിപാലം വരെയുമുള്ള ദൃശ്യങ്ങൾ ശേഖരിച്ചു. തുടർന്ന് കോടതി പാലത്തിനടുത്തെ മൊബൈൽ ഷോപ് ജീവനക്കാരൻ അന്തർ സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞു.

കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തപ്പോൾ പഴ്‌സ് മാത്രമാണ് കിട്ടിയതെന്ന് ആദ്യം പറഞ്ഞെങ്കിലും പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചെന്ന് പിന്നീട് സമ്മതിക്കുകയായിരുന്നു. ഇയാളിൽനിന്ന് വാങ്ങിയ പണം നോർത്ത് സബ് ഇൻസ്‌പെക്ടർ നിധിൻരാജ് യുവതിക്ക് കൈമാറി.

Tags:    
News Summary - Rs 42,500 lost on the way was recovered after checking the CCTV footage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.