സംസ്ഥാന ബജറ്റ്: കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ അടക്കം ജലവിഭവ വകുപ്പിന്റെ പ്രധാന പദ്ധതികള്‍ക്ക് തുക അനുവദിച്ചു കൊണ്ടുള്ള ബജറ്റ് വികസനത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 910 കോടിയോളം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ജലജീവന്‍ മിഷന് 500 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

അണക്കെട്ടുകളിലെ മണ്ണും ചെളിയും മണലും നീക്കം ചെയ്തു സംഭരണശേഷി കൂട്ടുന്നതിനായി നൂതന പദ്ധതി ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇതുവഴി പ്രളയം അടക്കം തടയാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടനാട്ടില്‍ പുറം ബണ്ട് ശ്കതമാക്കുന്നതിനു ഫണ്ട് അനുവദിച്ചത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണ്. കുട്ടനാട്ടിലെ ഏറ്റവും പരിസ്ഥിതി ലോല പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് 100 കോടി രൂപയാണ് ബജറ്റില്‍ വക കൊള്ളിച്ചിരിക്കുന്നത്.

കുട്ടനാട്ടില്‍ പുതിയ ബണ്ടുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളത് ശക്തിപ്പെടുത്തുന്നതിനും ഉള്ള തുക 87 കോടിയില്‍ നിന്ന് 137 കോടി ആയി ഉയര്‍ത്തിയതും കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകും. വിവിധ ജലസേചന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചതും കനാല്‍ നവീകരണത്തിന് തുക നീക്കി വച്ചിരിക്കുന്നതും കര്‍ഷകരെ മനസ്സില്‍ കണ്ടു കൊണ്ടാണ്. വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 160 കോടി രൂപയോളം അനുവദിച്ചത് തീരപ്രദേശത്തുള്ളവര്‍ക്ക് ആശ്വാസം പകരും.

കെ.എം.മാണി കമ്മ്യുണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി വഴി എല്ലാ ജില്ലകളിലും ആധുനിക മൈക്രോ ഇറിഗേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 12 കോടി രൂപ ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിനായി 37 കോടി രൂപ അനുവദിച്ചതും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപ നീക്കി വച്ചിരിക്കുന്നതും നദികള്‍ മാലിന്യമുക്തമാക്കാന്‍ രണ്ട് കോടി അനുവദിച്ചതും ഭാവി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Roshi Augustine says state budget should target farmers' welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT