കൽപറ്റയിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകൾ സജ്ജീകരിച്ച സ്റ്റാളുകൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു

പി.പി.പി മാതൃകയിൽ ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി നടപ്പാക്കും- മന്ത്രി മുഹമ്മദ് റിയാസ്

കൽപറ്റ: വയനാട് ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്നർഷിപ്പ്) മാതൃകയിൽ നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേളയിൽ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാടിന്റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് ഏറെ അനുയോജ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ട്രെൻഡ് അനുസരിച്ച് ലോകത്ത് വിനോദസഞ്ചാര മേഖലയിൽ ശക്തമാകുന്ന ശാഖകളിൽ ഒന്നായി സാഹസിക ടൂറിസം മാറും. സംസ്ഥാനത്തിന് അനുയോജ്യമായ സാഹസിക ടൂറിസത്തെ സംബന്ധിച്ച് പ്രത്യേക പഠനത്തിന് വിനോദസഞ്ചാര വകുപ്പ് നേതൃത്വം നൽകും. മേഖലയിൽ ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ അഡ്വഞ്ചർ ടൂറിസം സൊപസൈറ്റിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് കൂടുതൽ അഡ്വഞ്ചർ ടൂറിസം പാർക്കുകളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കും. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുകയാണ് സാഹസിക ടൂറിസത്തിൽ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

നിർമിത ബുദ്ധി ഉൾപ്പെടെയുള്ള നവീന ആശയങ്ങൾ ചേർത്ത് സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായും മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും പ്രയോജനപ്പെടുത്താൻ കഴിയും വിധം അഭിരുചികൾ മനസിലാക്കി നയരൂപീകരണത്തിന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ കേരള വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.

സാഹസിക വിനോദസഞ്ചാരം, വയനാടിന്റെ ടൂറിസം സാധ്യതകൾ, ഡിജിറ്റൽ മാർക്കറ്റിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും, ഹോം സ്റ്റെ; ക്ലാസിഫിക്കേഷനും സർവ്വീസ്‌ഡ് വില്ല അംഗീകാരവും എന്നീ വിഷയങ്ങളിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉപദേശക സമിതി അംഗം പ്രദീപ് മൂർത്തി, കോർപ്പറേറ്റ് ട്രെയിനർ എം.ടി മനോജ്, നിർമിത ബുദ്ധി വിദഗ്ധൻ കമൽ സുരേഷ്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ മുഹമ്മദ് സലീം എന്നിവർ ക്ലാസുകൾ നയിച്ചു.

കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി.കെ പ്രശോഭ്, നോർത്ത് സോൺ ബജറ്റ് ടൂറിസം സെൽ സോണൽ കോ-ഓർഡിനേറ്റർ സി.ഡി വർഗീസ്, ഡി.ടി.പി.സി മെമ്പർ സെക്രട്ടറി വിനോദ് കുഞ്ഞപ്പൻ, മാനേജർ പി.പി പ്രവീൺ, കേരള വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ്, സ്റ്റേറ്റ് കൗൺസിലർ നിസാർ ദിൽവേ, ഫെസ്റ്റ് കോ-ഓർഡിനേറ്റർ എം.വി റഫീഖ്, പി.കെ സാലി എന്നിവർ സംസാരിച്ചു.

Tags:    
News Summary - ropeway project in wayanadu- minister p a muhammed riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.