റോജി എം. ജോൺ, സോണിയ ഗാന്ധി
തിരുവനന്തപുരം: സ്വന്തം ജീവിതത്തെ ഒരുവിധ വെള്ളപൂശലുകളുമില്ലാതെ തുറന്നുകാട്ടിയ സോണിയ ഗാന്ധിയുടെ ആത്മകഥ തിരുത്താൻ പ്രസാധകർ ആവശ്യപ്പെടുന്നതിനോട് ‘സാധ്യമല്ല’ എന്നതിനപ്പുറം ഒരു മറുപടി ഉണ്ടാകില്ലെന്ന് കട്ടായമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ റോജി എം. ജോൺ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിപരമായ വലിയ നഷ്ടങ്ങളും അനന്തമായ അപവാദ പ്രചാരണങ്ങളും നേരിടേണ്ടി വന്നിട്ടും തികച്ചും സുതാര്യവും സത്യസന്ധവുമായ ജീവിതമാണ് സോണിയ നയിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അധികാരം തേടിയെത്തിയപ്പോഴൊക്കെയും അത് വേണ്ടെന്നുവെക്കാനുള്ള അപൂർവ രാഷ്ട്രീയ ധൈര്യം അവർ കാണിച്ചു. 2004ൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ഡോ. മൻമോഹൻ സിങ്ങിന്‍റെ പേര് നിർദേശിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും നഷ്ടങ്ങളെയും ധീരമായി നേരിട്ട സോണിയ ഗാന്ധി തന്റെ ആത്മകഥ മാറ്റിയെഴുതാൻ തയാറാകില്ലെന്നും ഒരു തുറന്ന പുസ്തകമായിരിക്കാനുള്ള അസാമാന്യ ധൈര്യം അവർക്കുണ്ടെന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.
പ്രിയപ്പെട്ട അമ്മ ഇന്ദിരാഗാന്ധിയുടെ വെടിയുണ്ടകളേറ്റ് തുളഞ്ഞുപോയ ശരീരം സ്വന്തം മടിയിൽ വഹിച്ച് ഡൽഹി എയിംസിന്റെ ഇടനാഴിയിലേക്ക് ചോരയിൽ മുങ്ങിക്കുളിച്ച് ഓടിക്കയറിയ ഒരു സോണിയ ഗാന്ധിയുണ്ട്. പ്രാണന്റെ പ്രാണനായ പ്രിയതമന്റെ ചിന്നിച്ചിതറി മാംസപിണ്ഡങ്ങൾ മാത്രമായിപ്പോയ മൃതദേഹത്തിനരികിൽ ഒരു അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ നിസ്സഹായയായി മരവിച്ചുനിന്നുപോയ ഒരു സോണിയ ഗാന്ധിയുണ്ട്.
തന്റെ രണ്ട് മക്കളെ ചേർത്തുപിടിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറിനിൽക്കാൻ വെമ്പിയ ഒരു സോണിയ ഗാന്ധിയുണ്ട്. ഒരിക്കലും ആഗ്രഹിക്കാതിരുന്നിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാരഥ്യം സാഹചര്യങ്ങളാൽ ഏറ്റെടുക്കേണ്ടി വന്ന ഒരു സോണിയ ഗാന്ധി. 2004ൽ ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിന് തൊട്ടരുകിൽ നിന്ന് ഡോ. മൻമോഹൻ സിങ് എന്ന സാമ്പത്തിക വിദഗ്ദ്ധനെ ചൂണ്ടിക്കാട്ടിയ ഒരു സോണിയ ഗാന്ധിയുണ്ട്.
ജീവിച്ചുതീർത്ത കാലം മുഴുവൻ വിടാതെ പിറകെ കൂടിയ അപവാദ പ്രചാരണങ്ങൾ, അടിമുടി ഇന്ത്യക്കാരിയായി ജീവിച്ചപ്പോഴും വിദേശ വനിതയെന്ന ആക്ഷേപങ്ങൾ, വ്യക്തിപരമായ കനത്ത നഷ്ടങ്ങൾ… അപ്പോഴൊക്കെയും ഏറെക്കുറെ Unfiltered ആയ, Unedited ആയ ഒരു ജീവിതമാണ് സോണിയ ഗാന്ധി ജീവിച്ചുതീർത്തത്. പൊതുസമൂഹത്തിന് മുന്നിൽ അവർ മറച്ചുവെച്ചത് അവരുടെ കണ്ണീരും വ്യഥകളും മാത്രമാണ്. അങ്ങിനെ ഒരാളോടാണ് പെൻഗ്വിൻ റാൻഡം ഹൗസ് ആത്മകഥ തിരുത്താൻ ആവശ്യപ്പെടുന്നത്. സാധ്യമല്ല എന്നതിനപ്പുറം ഒരു മറുപടി സോണിയ ഗാന്ധിയിൽ നിന്ന് ഉണ്ടാവുകയില്ലെന്നത് കട്ടായം.
വാക്കുകളിൽ മയപ്പെടുത്തലുകളോ, ലാഭത്തിന് വേണ്ടിയുള്ള വെള്ളപൂശലുകളോ ഇല്ലാതെ സ്വന്തം ജീവിതത്തെ രേഖപ്പെടുത്തി വെക്കാൻ ഒരു മനുഷ്യന് അസാധാരണമായ ധൈര്യം വേണം. ആ ധൈര്യം സോണിയ ഗാന്ധിക്കുണ്ട്. ഒരു തുറന്ന പുസ്തകം ആയിരിക്കാനുള്ള അസാമാന്യമായ ധൈര്യം. മാഡം ലൗ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.