പ്രിയദർശിനി സർവീസുകൾ തിരിച്ചടിയായി; നവംബർ മൂന്ന് മുതൽ അനിശ്ചിത കാല പണിമുടക്കിലേക്ക് സ്വകാര്യ ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിക്കൊണ്ട് സ്വകാര്യ ബസ് ഉടമകൾ അടുത്ത മാസം മൂന്നാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. മിനിമം ചാർജ് വർധന അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എട്ടു പ്രധാന ബസ് ഉടമ സംഘടനകളാണ് സമരത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേരള ബസ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫീസിൽ ചേർന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്.

വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും വരുമാനക്കുറവും മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖല നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. 2022ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് നിലവിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ഡീസൽ വിലക്കയറ്റം, സ്പെയർ പാർട്‌സുകളുടെ വില വർധന, ഇൻഷുറൻസ് പ്രീമിയം എന്നിവ കുത്തനെ കൂടിയ സാഹചര്യത്തിൽ മിനിമം ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

2011നു ശേഷം വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. കാലാനുസൃതമായി കൺസഷൻ തുക പുനർനിർണയിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. കൂടാതെ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസ് ഉടമ സംഘടനകൾ വ്യക്തമാക്കി.

സ്വകാര്യ ബസ് മേഖലക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസുകളാണെന്ന് ഉടമകൾ ആരോപിക്കുന്നു. ഈ പദ്ധതി വന്നതോടെ തങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞുവെന്നും നിലവിലുള്ള സാഹചര്യത്തിൽ ഇനിയും സർവീസുമായി മുന്നോട്ടു പോകാനാകില്ലെന്നും അവർ വ്യക്തമാക്കുന്നു. തങ്ങളുടെ പ്രതിസന്ധികൾ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല നടപടികൾ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

അനിശ്ചിതകാല പണിമുടക്ക് യാത്രാരംഗത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും നഗരപ്രദേശങ്ങളിലും ദിവസേന ജോലിക്കും പഠനത്തിനും മറ്റുമായി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാരെ ഈ സമരം സാരമായി ബാധിക്കും. വിദ്യാർഥികളും ഓഫീസ് ജീവനക്കാരും അടങ്ങുന്ന യാത്രക്കാർ ബദൽ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും.

സർക്കാരും സ്വകാര്യ ബസ് ഉടമകളും തമ്മിൽ സമയോചിതമായ ചർച്ചകൾ നടന്നില്ലെങ്കിൽ പൊതുഗതാഗതം സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സമരത്തിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാർ ചർച്ചകൾക്ക് തയ്യാറാകുമോ അതോ സമരം നടപ്പിലാകുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം.

Tags:    
News Summary - KSRTC Priyadarsini Services Impact: Kerala Private Buses Call for Indefinite Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.