ആർ. ശ്രീലേഖക്കെതിരെ കേസെടുത്തു; രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിലാണ് പുനലൂർ പൊലീസിന്റെ എഫ്ഐആർ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്‌ണു സുനിൽ പന്തളം ശ്രീലേഖക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി, കൊല്ലം റൂറൽ എസ്‌.പി എന്നിവർക്കും പരാതി നൽകിയിരുന്നു.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്‌ടിക്കാനാണ് പ്രസംഗമെന്നാണ് എഫ്‌.ഐ.ആറിൽ പറയുന്നത്. ഒരു വർഷം വരെ തടവ് അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

പുനലൂരിൽ നടന്ന ബി.ജെ.പി പ്രതിഷേധ ജനസഭയിൽ ​വെച്ചാണ് ശ്രീലേഖ അധിക്ഷേപ പരമാർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നും അപ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമായിരുന്നു പരാമർ​ശം. രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും മുൻ ഡി.ജി.പി പരിഹസിച്ചിരുന്നു.

അതിനിടെ, അപക്വമായ പ്രസ്താവന പിൻവലിച്ച് ശ്രീലേഖ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് മന്ത്രി റോജി എം. ജോൺ ആവശ്യപ്പെട്ടിരുന്നു. മേയർ കസേര കിട്ടാത്തതിലുള്ള നിരാശയും, കൗൺസിലർ സ്ഥാനം രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ നാണക്കേടും മറച്ചുവെക്കാൻ രാഹുൽ ഗാന്ധിയുടെ നേരെ തിരിയുകയല്ല വേണ്ടതെന്നും കുറ്റപ്പെടുത്തി. സംഘപരിവാർ നേതൃത്വത്തെ സുഖിപ്പിക്കാനും അൽപം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി സംസ്കാരശൂന്യമായ വിദ്വേഷം വമിപ്പിക്കുന്നത് സ്വയം അപഹാസ്യയാകാനെ ഉപകരിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളോളം നിയമം നടപ്പിലാക്കുന്നതിൽ പ്രവർത്തിച്ച ഒരാൾക്ക് പൊതുവേദികളിൽ സംസാരിക്കുമ്പോൾ പുലർത്തേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും ഓർമിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.