കെഎസ്ആർടിസി മിന്നൽ ബസ്

മിന്നൽ ബസുകളിൽ സുരക്ഷ വർധിപ്പിക്കുന്നു; എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റ് നടപ്പിലാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസ്സുകളിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനങ്ങൾ നടന്നുവരികയാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.

ദീർഘദൂര അതിവേഗ സർവീസുകളായ മിന്നൽ ബസ്സുകൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവരുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് അപകടമുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നടപടി.

ഒരു ജില്ലയിൽ ഒരു സ്റ്റോപ്പും നിശ്ചിത സ്ഥലങ്ങളിൽ റിക്വസ്റ്റ് സ്റ്റോപ്പും മാത്രമുള്ള കെഎസ്ആർടിസിയുടെ മികച്ച കലക്ഷൻ നേടുന്ന സർവീസാണ് മിന്നൽ. കെഎസ്ആർടിസി മുൻ ചെയർമാൻ എം.ജി. രാജമാണിക്യമാണ് സർവീസിന്റെ പിന്നിൽ. 2017ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.

തുടക്കത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് അത് നിർത്തിവെച്ചു. തിരുവനന്തപുരം-സുൽത്താൻ ബത്തേരി, തിരുവനന്തപുരം-കട്ടപ്പന, കോട്ടയം-കാസർകോട്, മാനന്തവാടി-തിരുവനന്തപുരം തുടങ്ങിയ സർവീസുകളാണ് നിലവിൽ വിജയകരമായി കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിന് പുറമെ ഇന്റർ സ്റ്റേറ്റ് സർവീസായി പാലക്കാട്-കന്യാകുമാരി, പാലക്കാട്-മംഗളൂരു സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

മിന്നൽ സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായിട്ടാണ് ഈ നീക്കത്തെ മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും കാണുന്നത്.

Tags:    
News Summary - Passenger Safety: KSRTC Proposes Seat Belts for Minnal Air Deluxe Buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.