മഞ്ചേരി: കാലവർഷം കലിതുള്ളിയപ്പോൾ മലപ്പുറം ജില്ലയിൽ വെള്ളത്തിലൊഴുകിയത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 700 കി.മീ റോഡ്. വകുപ്പ് വെള്ളിയാഴ്ച വരെ ശേഖരിച്ച കണക്കുപ്രകാരമാണിത്. പൂർണമായും ഭാഗികമായും തകർന്നതും ഇതിലുൾപ്പെടും. അതേസമയം, പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തിെൻറയും നിയന്ത്രണത്തിലുള്ള റോഡുകൾ ഈ കണക്കിൽ വന്നിട്ടില്ല. അതുകൂടിയായാൽ നീളം മൂന്നിരട്ടിയാവും. ഗതാഗതയോഗ്യമാക്കാൻ 50 കോടി രൂപയാണ് മരാമത്ത് റോഡ്സ് വിഭാഗം കണക്കാക്കിയ പ്രാഥമിക എസ്റ്റിമേറ്റ്. മൂന്ന് ദിവസമായി തുടർന്ന പ്രളയക്കെടുതിയും ഉരുൾപൊട്ടലും മൂലമുണ്ടായ നാശം ഉൾപ്പെടുത്താതെയാണ് ഈ എസ്റ്റിമേറ്റ്.
റബറൈസ്ഡ് ചെയ്ത റോഡുകൾക്ക് കിലോമീറ്ററിന് 75 ലക്ഷമാണ് കുഴിയടക്കാൻ വേണ്ടത്. സാധാരണ റോഡുകളിൽ 25 ലക്ഷം മതി. ജില്ലയിൽ ഗ്രാമീണ റോഡുകൾ ഏറ്റവും കൂടുതൽ തകർന്നത് നിലമ്പൂർ താലൂക്കിലാണ്. പഞ്ചായത്തുകളുടെ വിഹിതം ഉപയോഗിച്ച് മുൻവർഷം ടാറിങ് നടത്തിയ ചില റോഡുകൾ ടാർ അവശേഷിക്കാതെയാണ് തകർന്നത്. വണ്ടൂർ നടുവത്ത് റോഡ് നെടുകെ മുറിഞ്ഞ് വെള്ളമൊഴുകിയത് അടിന്തരമായി പുനർനിർമിക്കാൻ മരാമത്ത് വിഭാഗം നടപടി തുടങ്ങി. 10 ലക്ഷം രൂപ ഇതിന് മാറ്റിവെച്ചു.
കെടുതിയെത്തുടർന്ന് സർക്കാറിന് നൽകിയ കണക്ക് പ്രകാരം ആദ്യഘട്ടത്തിൽ 20 കോടി രൂപയാണ് മലപ്പുറത്തേക്ക് ആവശ്യപ്പെട്ടത്. മരാമത്ത് വിഭാഗത്തിെൻറ നിയന്ത്രണത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 13.5 കോടി രൂപ വെള്ളിയാഴ്ച അനുവദിച്ചു. നിലമ്പൂർ താലൂക്കിൽ കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, ചാലിയാർ, അമരമ്പലം, വണ്ടൂർ, പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകളിൽ ഉൾപ്രദേശങ്ങളിലേക്കുള്ള ഇടറോഡുകൾ യാത്രായോഗ്യമല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.