വടകരയിൽ സാൻഡ്​ ബാങ്ക്സ് വിപുലീകരണ പ്രവൃത്തിയുടെ ഉദ്ഘാടനച്ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും കെ.കെ.രമ എം.എൽ.എയും

'ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനം, സൗഭാഗ്യം' -മന്ത്രി റി​യാസിനെ പ്രശംസിച്ച്​ കെ.കെ. രമ എം.എൽ.എ

വടകര: ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പുകഴ്​ത്തി ആർ.എം.പി നേതാവ്​ കെ.കെ.രമ എം.എൽ.എ. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമാണെന്നും കാര്യങ്ങളോട്​ വളരെ പോസിറ്റീവായാണ്​ പ്രതികരിക്കുന്നതെന്നും രമ പറഞ്ഞു. തന്‍റെ മണ്ഡലമായ വടകരയിൽ സാൻഡ്​ ബാങ്ക്സ് വിപുലീകരണ പ്രവൃത്തിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. മന്ത്രി റിയാസായിരുന്നു ഉദ്ഘാടകൻ. മന്ത്രിയും കെ. മുരളീധരൻ എം.പിയും അടക്കമുള്ളവർ വേദിയിൽ ഇരിക്കെയാണ്​ രമ റിയാസിനെ പ്രശംസിച്ചത്​.

'ഇക്കുറി നമുക്ക് കിട്ടിയ ഒരു സൗഭാഗ്യം നമ്മുടെ പൊതുമരാമത്ത്- ടൂറിസം മിനിസ്റ്റര്‍ നമ്മള്‍ പറയുന്ന വിഷയം വളരെ ശ്രദ്ധയോടെ കേൾക്കുകയും വളരെ പോസിറ്റീവായി പ്രതികരിക്കുകയും ചെയ്യും എന്നതാണ്. കാര്യങ്ങള്‍ നടത്താന്‍ വേണ്ടി തയാറാകുകയും ചെയ്യും. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടിയത് അഭിമാനമായിതന്നെ ഞാന്‍ കാണുകയാണ്. വടകരയിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിലും നേരിട്ടും അദ്ദേഹത്തോടു പറഞ്ഞപ്പോൾ വളരെ പോസിറ്റീവായി പ്രതികരിച്ചു. ആ കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നൽകി. നമ്മളെ സംബന്ധിച്ച് അതു വലിയ ആവേശമുണ്ടാക്കുന്ന ഒന്നാണ്.'- രമ പറഞ്ഞു.

നാടിന്‍റെ വികസനത്തില്‍ കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്ലാവരും അവരവരുടെ ജനപ്രാതിനിധ്യ കടമ നിറവേറ്റണമെന്ന്​ ചടങ്ങിന്‍റെ ചിത്രങ്ങൾ ഫേസ്​ബുക്കിൽ ​പങ്കുവെച്ച്​ രമ അഭിപ്രായപ്പെട്ടു. ഇതിന് അഴിമുഖത്തെ പോലെ പലവഴിയായ് ഒഴുകി ഒരൊറ്റ മനസ്സായി ജനതയുടെ വികസന ആഗ്രഹങ്ങളിൽ നമുക്ക് ലയിച്ചുചേരാം -അവർ പറഞ്ഞു.

''വടകരയുടെ ജനപ്രതിനിധി എന്ന നിലയിൽ ഏറെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ചടങ്ങിലുടനീളം ഉണ്ടായിരുന്നത്. ഈ സ്വപ്നപദ്ധതി പൂർത്തിയാകുമ്പോൾ നമ്മുടെ പ്രകൃതി ഭംഗിയും, കലയും, രുചിയും, ചരിത്ര ശേഷിപ്പുകളും തേടിയെത്തുന്നവർക്ക് ഉചിതമായി നമുക്ക് ആഥിത്യമരുളാം... നേരിട്ടും അനുബന്ധമായും ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 2.26 കോടി രൂപയുടെ വിപുലീകരണ പദ്ധതികൾക്കാണ് ടൂറിസം വകുപ്പ് നമ്മുടെ സാൻഡ്​ബാങ്ക്‌സിൽ തുടക്കം കുറിക്കുന്നത്. വടകരയിലെ ടൂറിസം വികസനത്തിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി റിയാസും കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കെ മുരളീധരൻ എം.പിയും ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് ഏറെ പ്രതീക്ഷാനിർഭരമാണ്. കാര്യങ്ങൾ വേഗത്തിലാകും എന്ന് നമുക്ക് പ്രത്യാശിക്കാം'' -രമ വ്യക്​തമാക്കി. 

Tags:    
News Summary - RMP leader KK Rema MLA praises Minister PA Muhammed Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.