നൃത്തപരിപാടിക്കുള്ള സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് ആർ.എൽ.വി. രാമകൃഷ്ണൻ

പാലക്കാട്: നൃത്തപരിപാടിക്കുള്ള തൃശ്ശൂർ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർ.എൽ.വി. രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. അതേ ദിവസം മറ്റൊരു പരിപാടി ഉള്ളതു കൊണ്ടാണ് രാമകൃഷ്ണൻ ക്ഷണം നിരസിച്ചത്.

അതേസമയം, ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പറഞ്ഞ ആളിനെ കുറ്റം പറയുകയോ ആഘാതമേറ്റുവാങ്ങിയ ആളിനെ പ്രകീർത്തിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

28-ാം തീയതി തന്‍റെ ക്ഷേത്രത്തിൽ ചെറുപ്പ് ഉൽസവമാണ്. ഉൽസവത്തിന്‍റെ ഭാഗമായി ആർ.എൽ.വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം നടത്താൻ സാധിക്കുമോ എന്ന് ശ്രമിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് രാമകൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു. പബ്ലിക് ആയിട്ട് അങ്ങോട്ടെറിഞ്ഞ് ഇങ്ങോട്ടെറിഞ്ഞുള്ള കളിക്ക് തന്നെ വിളിക്കരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് രാമകൃഷ്ണൻ പാലക്കാട് മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കറുപ്പ് നിറത്തിന്‍റെ പേരിൽ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചത്. സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.

പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ.എൽ.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തിൽ വ്യക്തമാക്കി.

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്തെത്തി. കറുപ്പാണ് തന്‍റെ അഴകെന്ന് ആർ.എൽ.വി രാമകൃഷ്ണൻ മറ്റൊരു എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി. തന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും ഏഴയലത്ത് വരില്ലെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - RLV Ramakrishnan rejected Suresh Gopi's invitation for a dance performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.