തൃപ്പൂണിത്തുറ: യുവതി വാഹനമിടിച്ച് മരിച്ച കേസില്‍ അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവിന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. കാഞ്ഞിരമറ്റം കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എൻ. വിഷ്ണുവിന്‍റെ ലൈസന്‍സാണ് റദ്ദ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ 17ന് രാവിലെ തൃപ്പൂണിത്തുറ എസ്.എസ് ജംഗ്ഷന്‍ വടക്കേക്കോട്ട റോഡില്‍ അലയന്‍സ് ജങ്ഷനിലായിരുന്നു അപകടം. യു-ടേണില്‍ യുവാവ് അലക്ഷ്യമായി വാഹനം തിരിച്ചതിനെ തുടര്‍ന്ന് ഉദയംപേരൂര്‍ സ്വദേശിനി കാവ്യ ധനേഷ്, ഓടിച്ചിരുന്ന സ്‌ക്കൂട്ടര്‍ മറിഞ്ഞ് വീണ് ബസിനിടയില്‍പ്പെട്ട് മരിക്കുകയായിരുന്നു. അപകടം വരുത്തിയ വിഷ്ണു നിർത്താതെ പോകുകയും ചെയ്തു.
സംഭവത്തില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണത്തിൽ വിഷ്ണുവിന്‍റെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടത്തിന് കാരണമായത് എന്ന് വ്യക്തമായിരുന്നു. കേസില്‍ മോട്ടോര്‍ വാഹനചട്ടം 19 (1) സി പ്രകാരമാണ് വിഷ്ണുവിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്തത്. ഇയാൾ തുടർന്നും വാഹനമോടിച്ചാൽ പൊതുജനങ്ങൾക്കും റോഡിലിറങ്ങുന്നവർക്കും അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വിഷ്ണു ഓടിച്ച ബൈക്ക് ഇടിച്ച് 2020ല്‍ ഉദയംപേരൂരിൽ ഒരാള്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.