നെന്മേനി പാടശേഖരത്തിൽ ഫാം ടൂറിസം നടപ്പാക്കുന്ന നെടുമണിയുടെ കുടിലിടം

‘നെൽക്കതിർ’ അവാർഡ് കൊല്ലങ്കോട് നെന്മേനി പാടശേഖരത്തിന്

കൊല്ലങ്കോട്: പരിസ്ഥിതി സൗഹൃദ കൃഷിയും ഫാം ടൂറിസവും വിജയകരമായി നടപ്പാക്കിയ പാലക്കാട് കൊല്ലങ്കോട് നെന്മേനി നെല്ലുൽപാദക പാടശേഖര സമിതിക്ക് കെ. വിശ്വനാഥൻ സ്മാരക ‘നെൽക്കതിർ’ അവാർഡ്. സംസ്ഥാന കൃഷിവകുപ്പ് നൽകുന്ന സംസ്ഥാന കർഷക അവാർഡുകളിൽ ഉൾപ്പെടുന്ന പ്രധാന പുരസ്കാരമാണിത്. ഏറ്റവും മികച്ച പാടശേഖര സമിതിക്കാണ് ഈ പുരസ്കാരം നൽകുന്നത്. മൂന്ന് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഈ അവാർഡ്.

നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച രീതിയിൽ ഗ്രൂപ്പ് ഫാമിങ് നടപ്പാക്കുന്ന പാടശേഖര സമിതികളെ ആദരിക്കുന്നതിനുമായാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. തെൻമലനിരയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ സമിതി, കൊല്ലങ്കോട് കൃഷിഭവന് കീഴിലെ പാടശേഖരങ്ങളിൽ ഏറ്റവും വിസ്തൃതികൂടിയ ഒന്നാണ് (275 ഏക്കർ). പ്രശസ്തമായ കുടിലിടവും താമരപ്പാടവും ഇതിൽ ഉൾപ്പെടുന്നു.

രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ഒന്നാം വിളയ്ക്ക് മുന്നോടിയായി പയർവർഗങ്ങളും ഡെയ്ഞ്ചയും വിതച്ച് പൂട്ടി ഉഴവുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർ സ്വന്തമായി ട്രൈക്കോഡെർമ, സ്യൂഡോമോണാസ് എന്നീ ജീവാണു വളങ്ങൾ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിച്ച് 100 ഏക്കർ സ്ഥലത്ത് പ്രയോഗിക്കുന്നു.

സംസ്ഥാന വിത്തു വികസന അതോറിറ്റിക്ക് ഏറ്റവും കൂടുതൽ നെൽവിത്ത് നൽകുന്നത് കൊല്ലങ്കോടാണ്. സക്കീർ ഹുസൈൻ എന്ന കർഷകൻ അന്യസംസ്ഥാന ഇനങ്ങളും കേരളത്തിന്റെ തനത് ഇനങ്ങളും ഉൾപ്പെടെ നിരവധി നെൽവിത്തുകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭാരതീയ പ്രകൃതി കൃഷി പദ്ധതി, നാഷനൽ മിഷൻ ഓൺ നാച്ചുറൽ ഫാമിങ് തുടങ്ങി നിരവധി കേന്ദ്ര-സംസ്ഥാന പദ്ധതികളും ഇവിടെ നടപ്പാക്കുന്നുണ്ട്.

പാടവരമ്പുകളിൽ ചെണ്ടുമല്ലിയും സൂര്യകാന്തിയും വെച്ചുപിടിപ്പിച്ചും ഫാം ടൂറിസം പ്രയോജനപ്പെടുത്തിയും സമിതി മാതൃകയായി. കഴിഞ്ഞ 28 വർഷമായി ശബരിമല, ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രങ്ങൾ ഉൾപ്പെടെ ഇരുന്നൂറോളം ക്ഷേത്രങ്ങളിലേക്ക് കതിർകറ്റകൾ നൽകുന്നത് നെന്മേനി പാടശേഖരത്തിൽ നിന്നാണ്. ഇതിനുള്ള പുത്തരിക്കൊയ്ത്ത് നടത്തുന്നത് ചുട്ടിച്ചിറ കളം കൃഷ്ണകുമാറിന്റെ പാടത്തുനിന്നാണ്.

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ 1.05 കോടി രൂപ ചെലവഴിച്ച് സമിതിക്കായി പുതിയ കാർഷിക സംഭരണശാല നിർമിച്ചിട്ടുണ്ട്. ആർ. കൃഷ്ണകുമാർ പ്രസിഡന്റും പി. രാജൻ സെക്രട്ടറിയുമായ 13 അംഗ സമിതിയാണ് നെന്മേനി പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ.

Tags:    
News Summary - ‘നെൽക്കതിർ’ അവാർഡ് കൊല്ലങ്കോട് നെന്മേനി പാടശേഖരത്തിന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.