മെസ്സിയുടെ പേരിലെ കള്ളക്കളി; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് എസ്.ഐ.ടി
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന നിലപാടിൽ കേസന്വേഷിക്കുന്ന എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിൽ ഇതുസംബന്ധിച്ച നിർണായക തെളിവുകൾ ലഭിച്ചെന്ന് എസ്.ഐ.ടി അവകാശപ്പെടുന്നു.
സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) ഓഫിസിലും എം.ഡി ആന്റോ അഗസ്റ്റിന്റെ ഓഫിസിലും വീടുകളിലും നടത്തിയ പരിശോധനകളിലും നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കി സ്വകാര്യ കമ്പനിക്ക് പേരും ലാഭവുമുണ്ടാക്കി, സർക്കാർ സംവിധാനങ്ങളും പേരും ദുരുപയോഗം ചെയ്തു തുടങ്ങിയ കണ്ടെത്തലുകൾ നടത്തിയെന്നാണ് എസ്.ഐ.ടി അവകാശവാദം. ഈ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രാഥമിക റിപ്പോർട്ട് അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ഡി.ജി.പിക്ക് കൈമാറിയതായാണ് വിവരം.
എസ്.ഐ.ടി കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുമോയെന്നാണ് ഇനി കാണേണ്ടത്. എന്നാൽ, നിലവിൽ കളമശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അഴിമതി, അധികാര ദുർവിനിയോഗക്കുറ്റങ്ങൾ ചുമത്തി പുതുക്കുമെന്നും സൂചനയുണ്ട്.
കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശിപാർശ ചെയ്യാൻ എസ്.ഐ.ടി ഉദ്ദേശിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളായ ഇ.ഡി, ആർ.ബി.ഐ, കസ്റ്റംസ് എന്നിവയുടെ അന്വേഷണമാണ് ആവശ്യപ്പെടുക. സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് പണം കടത്തിയതിനാൽ ഇന്റർപോളിന്റെ ഉൾപ്പെടെ സഹായം തേടുന്നതും പരിഗണനയിലുണ്ടെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.