33 വില്ലേജുകൾ ഒഴിവാക്കണം, പരിധി 8,590.69 ച. കി.മി ആക്കണം; ഇ.എസ്.എയിൽ കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ച് കേരളം

തിരുവനന്തപുരം: ജനവാസ മേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായി ഒഴിവാക്കി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ (ഇ.എസ്.എ) വിസ്തൃതി കുറക്കണമെന്ന് കേരളം. നിലവിലുള്ള കരട് വിജ്ഞാപനത്തിലെ 9,993.7 ചതുരശ്ര കിലോമീറ്ററിൽനിന്ന് 8,590.69 ചതുരശ്ര കിലോമീറ്ററാക്കി കുറച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യം കേരളം കേന്ദ്രത്തിന് സമർപ്പിച്ചു.

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ഭേദഗതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വിശദ പഠനങ്ങളുടെയും പൊതുഅഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ നിർദേശങ്ങൾ കൈമാറിയതെന്ന് മന്ത്രി സണ്ണി ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.

2013ലെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ച. കിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തിയത്. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം വനമേഖലയും വനേതര പ്രദേശവും തിരിച്ച് വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തി. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ പ്രദേശം വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ്. 2014 മാർച്ച് 10ലെ വിജ്ഞാപനം മുതൽ 2026 ജൂലൈ 27ലെ വിജ്ഞാപനം വരെ ഈ നിലപാടാണ് തുടർന്നത്.

എന്നാൽ, നിലവിൽ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വനേതര ഭാഗങ്ങൾ പൂർണമായി ഒഴിവാക്കി പരിധി 8,590.69 ചതുരശ്ര കിലോമീറ്ററാക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടത്. കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസാന്ദ്രതയുമുള്ള സംസ്ഥാനത്ത് മൊത്തം ഭൂവിസ്തൃതിയുടെ 29.15 ശതമാനവും വനപ്രദേശമാണ്. ഇതിൽ 23 വന്യജീവി സങ്കേതങ്ങളും സംരക്ഷിത പ്രദേശങ്ങളുമുണ്ട്.

ഇ.എസ്.എയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നത് 33 വില്ലേജുകൾ

കരട് പട്ടികയിലുള്ള 33 വില്ലേജുകൾ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ റിപ്പോർട്ടിലെ ആവശ്യം. ഇടുക്കിയിൽ 51 വില്ലേജുകളാണ് കരടുപട്ടികയിലുള്ളത്. ഇതിൽ 23 എണ്ണം ഒഴിവാക്കണം. കോട്ടയത്ത് നാല് വില്ലേജുകളും തിരുവനന്തപുരത്ത് രണ്ടു വില്ലേജുകളും കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓരോ വില്ലേജും ഒഴിവാക്കണം.

ഒഴിവാക്കാൻ ആവശ്യപ്പെട്ട വില്ലേജുകൾ

ഇടുക്കി: കൊക്കയാർ, ചക്കുപള്ളം, ആനവിലാസം, അയ്യപ്പൻകോവിൽ, ആനക്കര, കട്ടപ്പന, പാമ്പാടുംപാറ, ആരക്കുളം, ഇരട്ടയാർ, തങ്കമണി, കൽകൂന്തൽ, പാറത്തോട്, ഉപ്പുതോട്, ഉടുമ്പഞ്ചോല, വാത്തിക്കുടി, ചതുരംഗപ്പാറ, കാന്തിപ്പാറ, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, കുഞ്ചിത്തണ്ണി, കരുണാപുരം, വണ്ടൻമേട്.

കോട്ടയം: കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി. കോഴിക്കോട്: കെടവൂർ. മലപ്പുറം: ചുങ്കത്തറ. പാലക്കാട്: മുതലമട-രണ്ട്. തിരുവനന്തപുരം: മണ്ണൂർക്കര, കള്ളിക്കാട്. വയനാട്: അച്ചൂരണം.

Tags:    
News Summary - 33 villages should be excluded; Kerala submits recommendations to the Centre regarding ESA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.