ഇ-ചെല്ലാന്റെ പേരിൽ വ്യാജ എസ്.എം.എസിലെ ലിങ്ക് ക്ലിക്ക് ചെയ്യാറുണ്ടോ? വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം: ഇ-ചല്ലാന്റെ പേരിൽ വ്യാജ എസ്.എം.എസ് അയച്ച് പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. വാഹന ഉടമകളെ ലക്ഷ്യമിട്ടാണ് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയക്കുന്നത്. വാഹന ഉടമകളുടെ ചെല്ലാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ലിങ്ക് ഉള്‍പ്പെടുത്തിയാണ് എസ്.എം.എസ് അയക്കുന്നത്. സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് എസ്.എം.എസ് അയയ്ക്കുന്നതാണ് തട്ടിപ്പിന്‍റെ ആദ്യപടി. എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെല്ലാന്‍ പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റ് പ്രദര്‍ശിപ്പിക്കുകയും വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെടുകയും ചെയ്യും.

രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനുശേഷം'ഇന്‍റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ' എന്ന പേരിൽ ഒരു ബോക്സ് പ്രദര്‍ശിപ്പിക്കുകയും അതില്‍ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കുകയും ചെയ്യും. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിലെ 'യെസ് ' ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ അപകടകരമായ എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള എ.പി.കെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താവില്‍ നിന്ന് ഫോണിന്‍റെ നിയന്ത്രണം നേടിയെടുക്കാനുള്ള വിവിധ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പെര്‍മിഷന്‍ അനുവദിച്ചാല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനും അതിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

ശ്രദ്ധിക്കുക

ഇ-ചെല്ലാന്‍, ട്രാഫിക്ക് ഫൈന്‍, വാഹന വെരിഫിക്കേഷന്‍, കെ.വൈ.സി, റീ ഫണ്ട്, ആര്‍.ടി.ഒ/എം.വി.ഡി സേവനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.എം.എസ്, വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ മറ്റേതെങ്കിലും മെസേജ് പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന എ.പി.കെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ചെല്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക എം.വി.ഡി/പരിവാഹന്‍/ഇ-ചെല്ലാന്‍ വെബ്സൈറ്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സേവനത്തിന്‍റെ ഔദ്യോഗിക ആപ്പ്/പോര്‍ട്ടല്‍ വഴി മാത്രം പരിശോധിക്കുക. എസ്.എം.എസില്‍ ലഭിക്കുന്ന ലിങ്ക് നേരിട്ട് തുറക്കുന്നതിനുപകരം ഔദ്യോഗിക വെബ്സൈറ്റില്‍ സ്വയം ടൈപ്പ് ചെയ്ത് തുറക്കുക.

വാഹന രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിയതിനുശേഷം 'ഇന്‍റേര്‍ണല്‍ റിവ്യൂ', 'പെന്‍ഡിങ് വെരിഫിക്കേഷന്‍', 'ഇന്‍സ്റ്റാള്‍ ആപ്പ് ടു ക്ലിയര്‍ ചെല്ലാന്‍'എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ വന്നാല്‍ അത് സംശയാസ്പദമായി കാണുക. ഔദ്യോഗിക ചെല്ലാന്‍ പേയ്മെന്‍റ്/ വെരിഫിക്കേഷന്‍ സേവനങ്ങള്‍ക്കായി പുറത്തുനിന്ന് എ.പി.കെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട സാഹചര്യം സാധാരണയായി ഉണ്ടാകാറില്ല. അഥവാ ഇത്തരം എ.പി.കെ ഇന്‍സ്റ്റാള്‍ ചെയ്തതായി സംശയമുണ്ടെങ്കില്‍ ഉടന്‍ മൊബൈല്‍ ഫോണിന്‍റെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും സംശയാസ്പദമായ ആപ്ലിക്കേഷനുകള്‍ എത്രയും വേഗം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും തുടര്‍ന്ന് ഫോണ്‍ റീ സെറ്റ് ചെയ്യുകയും ചെയ്യുക.

യു.പി.ഐ/മറ്റു പേയ്മെന്‍റ് സേവനങ്ങള്‍, ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, അടുത്ത് നടന്ന ഇടപാടുകള്‍ എന്നിവ പരിശോധിക്കുക. മറ്റൊരു സുരക്ഷിത ഡിവൈസ് ഉപയോഗിച്ച് ബാങ്കിങ്/ഇ-മെയില്‍/സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ മാറ്റുകയും തല്‍സ്ഥിതി പരിശോധിക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കുക.

Tags:    
News Summary - Fake E-Challan SMS: Don’t Click the Link

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.