പറക്കാൻ പണമടച്ചതാര്? സ്പോൺസർഷിപ്പിൽ മൗനം തുടർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചാർട്ടേഡ് വിമാനത്തിൽ മുഖ്യമന്ത്രി നടത്തിയ മലപ്പുറം യാത്രക്ക് ചിലവായ തുകയുടെ ഇൻവോയ്സ് ചിപ്സൺ ഏവിയേഷന് വിമാന ഉടമസ്ഥരായ കേളചന്ദ്ര ലോജിസ്റ്റിക്സ് കൈമാറിയെങ്കിലും പണം അടച്ചത് ആരെന്നതിൽ ആശയക്കുഴപ്പം. കേളചന്ദ്ര ഗ്രൂപ്പിന്‍റെ വിമാനം ചിപ്സൺ ഏവിയേഷൻസ് വാടകക്കെടുത്താണ് മുഖ്യമന്ത്രിയുടെ യാത്രക്ക് സൗകര്യം ഒരുക്കിയത്. ഇതിന് ചിലവായ 19,88,595 രൂപയുടെ ഇൻവോയ്സ് സ്വാഭാവികമായും വിമാന ഉടമകൾ നൽകുന്നത് വിമാനം വാടകക്കെടുത്ത ഏജൻസിക്കായിരിക്കും. ഈ ഇൻവോയ്സാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

എന്നാൽ, ഇൻവോയ്സ് പ്രകാരം ചിപ്സൺ ഏവിയേഷൻസ് തന്നെയാണ് ചിലവായ പണം അടച്ചതെന്നതിന് ഒരു ഉറപ്പുമില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയുമാണ്. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. വിമാന യാത്രയുടെ സ്പോൺസർ മലയാളിയായ സുഹൃത്താണെന്ന് മാത്രമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. അത് ആരെന്ന് പറയാൻ ഇപ്പോഴും അദ്ദേഹം തയാറല്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോര്‍ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ലോജിസ്റ്റിക്സിന്റെ ചാർട്ടേഡ് വിമാനമാണ് മലപ്പുറം യാത്രക്ക് ഉപയോഗിച്ചത്. ഇൻവോയ്സ് ലഭിച്ച സാഹചര്യത്തിൽ യാത്രക്ക് ചിലവായ പണം വിമാനം വാടകക്കെടുത്ത ചിപ്സൺ ആണ് അടക്കേണ്ടത്.

എന്നാൽ, അവർക്ക് പകരം മറ്റേതെങ്കിലും വ്യക്തിയോ സ്ഥാപനമോ സ്പോൺസറെന്ന നിലയിൽ തുക കൈമാറിയോ എന്നതിൽ വ്യക്തതയില്ല. ഇതോടൊപ്പം, ഇൻവോയ്സ് നൽകിയെങ്കിലും വിമാനത്തിന്‍റെ യഥാർഥ ഉടമകളായ കേളചന്ദ്ര ഗ്രൂപ്പ് തുക ഈടാക്കുന്നത് ഒഴിവാക്കി സ്പോൺസർഷിപ്പ് നൽകാനുള്ള സാധ്യതയും ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.

‘‘മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല’’

തൊടുപുഴ: വിമാന യാത്ര വിവാദത്തിലടക്കം ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിനുശേഷം പുറത്തേക്ക് വരികയായിരുന്ന മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കവെയാണ് മാധ്യമപ്രവർത്തകരോട് ‘‘മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല’ എന്ന് പറഞ്ഞത്.

ഭൂപ്രശ്നത്തിലും ഇ.എസ്.എ വിഷയത്തിലും ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ‘‘ദയവായി മാറി നിൽക്കൂ’’ എന്നായിരുന്നു മറുപടി. ‘‘സ്‌ത്രീകളടക്കം നിവേദനം നൽകാൻ കാത്തുനിൽക്കുകയാണ്. ഞാൻ അവരെ കാണട്ടെ’’ എന്നു പറയുകയും മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    
News Summary - Who paid the money to fly? Chief Minister continues silence on sponsorship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.