പാർവതി മായ

പാർവതി മായ പിടിയിലായതിനു പിന്നാലെ പരാതി പ്രളയം; വിദേശജോലി വാഗ്ദാനത്തിൽ കുടുങ്ങിയത് മുന്നൂറോളം പേർ

കൊച്ചി: വിദേശത്ത്​ ജോലി വാഗ്ദാനം ചെയ്​ത്​ നിരവധി പേരിൽനിന്ന്​ പണം തട്ടിയ കേസിൽ ആംസ്റ്റർ സ്ഥാപനങ്ങളുടെ ഉടമ പാർവതി മായ പിടിയിലായതോടെ പൊലീസിന്​ മുന്നിൽ പരാതി പ്രളയം. സ്ഥാപന ഉടമ പിടിയിലായ ശേഷം 25ഓളം പരാതികൾ കേസ്​ അന്വേഷിക്കുന്ന പാലാരിവട്ടം പൊലീസിന്​ ലഭിച്ചു. ഏകദേശം 300ഓളം പേർ തട്ടിപ്പിന്​ ഇരയായിട്ടുണ്ടെന്നും തട്ടിയെടുത്ത തുക 100 കോടിക്ക്​ അടുത്ത്​ വരുമെന്നുമാണ്​​ പൊലീസ്​ കരുതുന്നത്​.

അതിനിടെ വെള്ളിയാഴ്​ച മജിസ്​ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇടപ്പള്ളി ആംസ്റ്റർ ഓവർസീസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ സി.ഇ.ഒയും പാലാരിവട്ടം ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസിന്‍റെ എം.ഡിയുമായ പാർവതി മായയെ മജിസ്​ട്രേറ്റ്​ ഒരു ദിവസ​ത്തേക്ക്​ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്​ച കസ്റ്റഡിയിലെടുത്ത പാർവതി മായയെ രാത്രി തന്നെ മജിസ്​ട്രേറ്റ്​ മുമ്പാകെ പൊലീസ്​ ഹാജരാക്കിയപ്പോൾ വെള്ളിയാഴ്​ച രാവിലെ വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

വെള്ളിയാഴ്​ച രാവിലെ വീണ്ടും മജിസ്​ട്രേറ്റിന്​ മുമ്പാകെ ഹാജരായപ്പോൾ ജാമ്യം തുടരണമെന്ന്​ പ്രതിഭാഗം അഭിഭാഷകർ വാദിച്ചെങ്കിലും സർക്കാർ അഭിഭാഷകരുടെ നിലപാട്​ കേട്ടശേഷം ഒരു ദിവസത്തേക്ക്​ പൊലീസ്​ കസ്റ്റഡിയിൽ വിടുകയായിരുന്നു. നിലവിൽ പാലാരിവട്ടം പൊലീസ്​ രണ്ട്​ പരാതികളിലാണ്​ അന്വേഷണം നടത്തുന്നത്​.

നാട്ടിൽ നിന്ന്​ തട്ടിയെടുത്ത പണം വിദേശ രാജ്യങ്ങളിലേക്ക്​ കടത്തിയിട്ടുണ്ടെന്നും അവിടെ ​ക്രിപ്​റ്റോ കറൻസിയിൽ ഉൾപ്പെടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ്​ ​പൊലീസിന്​ ലഭിച്ച വിവരം. ശനിയാഴ്​ച വീണ്ടും ഹാജരാക്കു​മ്പോൾ ഇക്കാര്യങ്ങൾ പൊലീസ്​ കോടതിയെ അറിയിച്ച്​ കസ്റ്റഡി നീട്ടി ലഭിക്കാൻ ശ്രമിച്ചേക്കും.

തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന്​ അർമീനിയയിൽ ഒന്നര ലക്ഷം രൂപ മാസം ശമ്പളം വാഗ്​ദാനം ചെയ്ത്​ നാല്​ ലക്ഷം രൂപയും പോളണ്ടിൽ ​ജോലി വാഗ്ദനം ചെയ്ത്​ കുന്നത്തുനാട്​ സ്വദേശിയിൽ നിന്ന്​ ആറ്​ ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന കേസിലാണ്​ ഇപ്പോൾ പാർവതി മായ പിടിയിലായത്​.

ഇവർക്ക്​ പുറമെ ഭർത്താവ്​ അനീഷ്​ മേനോൻ, മാനേജർമാരായ അഭിജിത്​, അജു കെ. മാത്യു, വിഷ്​ണു വിജയൻ, ഷാജി എന്നിവരാണ്​ മറ്റ്​ പ്രതികൾ. ഒളിവിലായിരുന്ന പാർവതി മായക്കെതിരെ പൊലീസ്​ ലുക്ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്​ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ​പ്പോഴാണ്​ പിടിയിലായത്​. ഇമി​ഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച്​ പൊലീസിന്​ കൈമാറുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.