യോഗ്യതയില്ലാത്തയാൾക്ക് കോളജ് അധ്യാപക നിയമനം; പി.എസ്.സിക്കെതിരെ പരാതി

തിരുവനന്തപുരം: യോഗ്യരായ അപേക്ഷകർ ഇല്ലെന്നുകാട്ടി റദ്ദാക്കിയ വിജ്ഞാപനം അടിസ്ഥാനമാക്കി, യോഗ്യതയില്ലാത്ത ഉദ്യോഗാർഥിക്ക് നിയമനം നൽകി പി.എസ്.സി. കൊളീജിയറ്റ് എജുക്കേഷൻ ഡിപ്പാർട്ട്മെന്‍റിലെ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്കാണ് പി.എസ്.സി വിജ്ഞാപനം റദ്ദാക്കിയ ശേഷം നിയമനം നടത്തിയത്.

2022 ഡിസംബർ 31നാണ് അസിസ്റ്റന്‍റ് പ്രഫസർ സംസ്കൃതം (ജ്യോതിഷ) മുസ്ലിം സംവരണ തസ്തികയിലേക്ക് 50 ശതമാനം മാർക്കിൽ കുറയാതെ സംസ്കൃതത്തിൽ (ജ്യോതിഷ) ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയുമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് എൻ.സി.എ വിജ്ഞാപനം ഇറക്കിയത്. എന്നാൽ, യോഗ്യരായ അപേക്ഷകർ ഇല്ലാത്തതിനാൽ 2023 മാർച്ച് 21ന് പി.എസ്.സി വിജ്ഞാപനം റദ്ദാക്കി. പിന്നീട് മറ്റൊരു വിജ്ഞാപനമിറക്കി പരീക്ഷയും നിയമനവും നടത്തി.

എന്നാൽ, സംസ്കൃതം (ജനറൽ) യോഗ്യതയുള്ള ഉദ്യോഗാർഥിയെയാണ് സംസ്കൃതം (ജ്യോതിഷ) യോഗ്യത വേണ്ട തസ്തികയിൽ നിയമിച്ചത്. സംസ്കൃതം (ജനറൽ), സംസ്കൃതത്തിന് (സാഹിത്യ) തുല്യമാണെന്ന് കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ മറവിലാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എന്നാൽ, കാലിക്കറ്റ് സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതാണ്. ഒരിക്കൽ അപേക്ഷ ക്ഷണിച്ചശേഷം യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന ഹൈകോടതി, സുപ്രീംകോടതി വിധികളും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.

നിയമന ശിപാർശ റദ്ദാക്കണമെന്നും പുനർവിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും ഉദ്യോഗാർഥികൾ പരാതി നൽകി. ക്രമക്കേട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് പി.എസ്.സി പരീക്ഷാ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ട്.

News Summary - College teacher appointment for an unqualified person; complaint against the PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.