വിരമിക്കൽ പ്രായം 60 ആക്കണം; ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്ര സർക്കാറിന്റേതിന് തുല്യമായി 60 വയസ്സായി ഉയർത്തുന്ന കാര്യം പരിഗണിക്കണമെന്ന് ധവളപത്രത്തിൽ ശിപാർശ. വിരമിക്കൽ പ്രായം ഓരോ വർഷം ഉയർത്തുമ്പോഴും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്ന ഇനത്തിൽ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപ ലാഭിക്കാനാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സമ്മർദം കുറക്കാൻ സഹായിക്കും.

കേരളത്തിലെ ശരാശരി ആയുർദൈർഘ്യം കണക്കിലെടുക്കുമ്പോൾ ജീവനക്കാർ നിലവിൽ വളരെ നേരത്തെയാണ് വിരമിക്കുന്നത്. അവരുടെ സേവനം കൂടുതൽ കാലം പ്രയോജനപ്പെടുത്തുന്നത് ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശമ്പള കമീഷനുകൾ നിലവിലെ അഞ്ച് വർഷത്തിലൊരിക്കൽ എന്നതിൽനിന്ന് കേന്ദ്ര സർക്കാറിന്റേതിന് സമാനമായി പത്ത് വർഷത്തിലൊരിക്കലാക്കണമെന്നും ധവളപത്രം ശിപാർശ ചെയ്യുന്നു. കമീഷനുകളുടെ എണ്ണം കുറക്കുന്നത് സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാൻ സഹായിക്കും. ഈ വിഷയത്തിൽ നിരവധി മുൻ കമ്മിറ്റികളും കമീഷനുകളും ശിപാർശ നൽകിയിട്ടുണ്ട്. ശമ്പളവും പെൻഷനും ഇനത്തിലുള്ള വലിയ ചെലവുകൾ കുറക്കാൻ കഠിന രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

റവന്യൂ അടിത്തറ ദുർബലപ്പെടുന്നു, കണക്കുകളിൽ പിന്നിൽ

സംസ്ഥാനത്തിന്റെ റവന്യൂ അടിത്തറ വർഷംതോറും ദുർബലപ്പെടുന്നുവെന്നും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റവന്യൂകാര്യത്തിലെ പ്രകടനം മോശമാണെന്നും ധവളപത്രം. കേരളത്തിന്റെ സ്വന്തം നികുതി വരുമാനം ചരിത്രത്തിലാദ്യമായി സംസ്ഥാനങ്ങളുടെ ശരാശരിയേക്കാൾ താഴെയായി കുറഞ്ഞു. 2015-16 കാലഘട്ടത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച നിലയിലായിരുന്ന (6.94 ശതമാനം) നികുതി-ജി.എസ്.ഡി.പി അനുപാതം 2025-26 ആയപ്പോഴേക്കും മറ്റ് സംസ്ഥാനങ്ങളേക്കാൾ താഴെയായി (6.41 ശതമാനം).

2023 മുതൽ 2026 വരെയുള്ള കാലയളവിൽ കേരളത്തിന്റെ സ്വന്തം നികുതി വരുമാനത്തിലുണ്ടായ പ്രതിവർഷ വളർച്ചാ നിരക്ക് 8.4 ശതമാനം മാത്രമാണ്. താരതമ്യം ചെയ്യപ്പെട്ട മറ്റ് ഒമ്പത് സംസ്ഥാനങ്ങളുടെ ശരാശരി വളർച്ചാ നിരക്ക് 13.1 ശതമാനമാണ്. അതായത് ഈ ഗ്രൂപിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

റവന്യൂ വരവുകളുടെ ജി.എസ്.ഡി.പി അനുപാതം താരതമ്യം ചെയ്യുമ്പോഴും ദൗർബല്യം പ്രകടമാണ്. കേരളത്തിൽ ഇത് 2015-16ൽ 12.28 ശതമാനം ആയിരുന്നത് 2025-26ൽ 10.68 ശതമാനമായി കുറഞ്ഞു. അതേസമയം മറ്റ് പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 17.17 ശതമാനമാണ്. തനത് വരുമാനവും 8.44 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി താഴുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 8.50 ആയപ്പോഴാണിത്. കേരളത്തിന്റെ എസ്.ജി.എസ്.ടി - ജി.എസ്.ഡി.പി അനുപാതം 2.65 ശതമാനമാണ്.

ദൈനംദിന ചെലവുകൾക്കും ആശ്രയം കൈവായ്പ

2025ൽ ആകെ 365 ദിവസങ്ങളിൽ 262 ദിവസവും സർക്കാർ ദൈനംദിന കാര്യങ്ങൾ നടത്താൻ റിസർവ് ബാങ്കിൽ നിന്നുള്ള താൽക്കാലിക വായ്പയെ (വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ്) ആശ്രയിച്ചുവെന്നാണ് മറ്റൊരു കണ്ടെത്തൽ. സർക്കാറിന് നികുതി വഴിയും മറ്റും പണം കൈയിൽ വരാൻ സമയമെടുക്കുകയും, എന്നാൽ ദിവസേനയുള്ള ചെലവുകൾ ഒട്ടും വൈകിക്കാനും കഴിയാത്ത സാഹചര്യത്തിലാണ് വരുമാനവും ചെലവും തമ്മിലെ താൽക്കാലിക വ്യത്യാസം നികത്താൻ ഇത്തരം വായ്പയെ ആശ്രയിക്കുന്നത്. 90 ദിവസത്തിനുള്ളിൽ പലിശ സഹിതം തിരിച്ചടക്കണം.

ടാക്സ് ബോയൻസി ഒന്നിൽ താഴെ

സാമ്പത്തിക വളർച്ചക്ക് അനുസൃതമായി നികുതി വരുമാനത്തിലുണ്ടാകുന്ന വർധനവിനെയാണ് ടാക്സ് ബോയൻസി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിക്കുമ്പോൾ അതിന് ആനുപാതികമായി നികുതി പിരിവിലും വർധനവുണ്ടാകുന്നുണ്ടോ എന്ന് അളക്കുന്ന സൂചികയാണിത്. കണക്കുകൾ പ്രകാരം കേരളത്തിന്റെ ടാക്സ് ബോയൻസി 0.96 ആണ്. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 1.04 ഉം. ടാക്സ് ബോയൻസി ഒന്നിൽ താഴെയാകുന്നത് സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോഴും അതിനനുസരിച്ച് നികുതി വരുമാനം വർധിക്കുന്നില്ല എന്നതാണ് ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Retirement age should be raised to 60; salary revision should be done once in ten years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.