റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ

മരം മുറി: വിവരാവകാശ മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരായ പ്രതികാര നടപടി; പരാതി നൽകും

കോഴിക്കോട്: മരം മുറി വിവാദത്തിൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി. മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് പ്രതികാര നടപടി കൈക്കൊള്ളുകയാണെന്നും ഇതിനെതിരെ മുഖ്യ വിവരവകാശ കമീഷണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകുമെന്നും വിവരാവകാശ അപേക്ഷ നൽകിയ അഡ്വ. സി.ആർ. പ്രാണകുമാർ പറഞ്ഞു.

മരം മുറിക്കാനുള്ള വിവാദ ഉത്തരവ് ഇറക്കരുതെന്ന കാര്യം റൂളുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മുമ്പേ തന്നെ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നുവെന്ന വിവരമാണ് പ്രാണകുമാറിന് വിവരാവകാശ മറുപടിയായി ലഭിച്ചത്. നിയമവകുപ്പിന്‍റെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്‍റെയും ഉപദേശം തേടാതെ മന്ത്രി ചന്ദ്രശേഖരൻ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ച് സ്വന്തം നിലയിൽ ഉത്തരവ് ഇറക്കുകയായിരുന്നു.

ആ ഉത്തരവിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ വെട്ടിമാറ്റപ്പെട്ടു. പിന്നീട് ഉത്തരവ് റദ്ദാക്കി. മരംമുറി മാഫിയക്കും അവരെ സഹായിക്കാൻ ഉത്തരവ് ഇറക്കിയ മന്ത്രി ചന്ദ്രശേഖരനെതിരെയും ഒരു നടപടിയും ഇല്ല. പകരം സർക്കാർ നടപടിയെടുത്തത് വിവരവകാശ നിയമ പ്രകാരം മറുപടി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണെന്ന് പ്രാണകുമാർ ഫേസ്ബുക് പോസ്റ്റിൽ ആരോപിച്ചു.

അഡ്വ. സി.ആർ. പ്രാണകുമാറിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...


വിവരവകാശ നിയമത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കരുത്..

റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ഐ.എ.എസിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യ വിവരവകാശ കമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകും.

മരം മുറി കേസുമായി ബന്ധപെട്ടും അതിന് നയിച്ച ഉത്തരവ് തേടിയും വിവരവകാശ നിയമ പ്രകാരം ഞാൻ അപേക്ഷിച്ചിരുന്നു. അതിനെ തുടർന്ന് 29.6 21 ന് റവന്യു വകുപ്പിലെ സ്റ്റേറ്റ് പബ്ളിക്ക് ഇൻഫർമേഷൻ ഓഫിസറും അണ്ടർ സെക്രട്ടറിയും ആയ ശാലിനി ഒ ജി മറുപടിയും നൽകി. മറുപടി ആയി കിട്ടിയ ഫയലിന്റെ പകർപ്പ് വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.വിവാദ ഉത്തരവ് ഇറക്കരുതെന്ന് ഉദ്യോഗസ്ഥർ വളരെ കൃത്യമായി റൂളുകൾ സഹിതം ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നു. നീയമവകുപ്പിന്റെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടാതെ മന്ത്രി ചന്ദ്രശേഖരൻ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ച് സ്വന്തം നിലയിൽ ഉത്തരവ് ഇറക്കുകയായിരുന്നു.

ആ ഉത്തരവിന്റെ മറവിൽ കോടികണക്കിന് രൂപയുടെ മരങ്ങൾ വെട്ടിമാറ്റപ്പെട്ടു.പിന്നീട് ഉത്തരവ് റദ്ദാക്കി. മരം മുറി മാഫിയക്കും അവരെ സഹായിക്കാൻ ഉത്തരവ് ഇറക്കിയ മന്ത്രി ചന്ദ്രശേഖരനെതിരെയും ഒരു നടപടിയും ഇല്ല. പകരം സർക്കാർ നടപടിയെടുത്തത് വിവരവകാശ നീയമ പ്രകാരം മറുപടി നൽകിയ ഉദ്യോഗസ്ഥരെ എന്ന് പത്ര-ദൃശ്യ മാധ്യമങ്ങൾ വഴി അറിയാൻ സാധിച്ചു.

കാര്യകാരണസഹിതം ഫയലിൽ കൃത്യമായി രേഖപ്പെടുത്തിയ റവന്യു ജോയിന്റ് സെക്രട്ടറി ഗിരിജാകുമാരിയെ വകുപ്പിൽ നിന്ന് ട്രാൻസ്ഫർ ചെയ്തു. വിവരവകാശത്തിന് നീയമ പ്രകാരം മറുപടി നൽകിയ ശാലിനി എന്ന ഉദ്യോഗസ്ഥക്ക് നേരത്തെ സർക്കാർ തന്നെ നൽകിയ ഗുഡ്സ് സർവീസ് എൻട്രി റദ്ദാക്കി.

മരം മുറി മാഫിയക്ക് ഭരണ സിരാകേന്ദ്രത്തിലുള്ള സ്വാധീനം വെളിവാക്കുന്ന നടപടികളാണ് ഇതെന്ന് ഞാൻ കരുതുന്നു. നീയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ജോലി ചെയ്തവർക്കെതിരെ അവരുടെ ആത്മവീര്യം ഇല്ലാതാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് വിവരവകാശ നീയമത്തെ അട്ടിമറിക്കുന്നതിന് നേതൃത്വം കൊടുക്കുകയാണ്.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ജയതിലകിന്റെ നടപടികൾക്കെതിരെ മുഖ്യ വിവരവകാശ കമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും കെ.പി.സി.സി സെക്രട്ടറിയും വിവരവകാശ പ്രവർത്തകനും ആയ ഞാൻ തിങ്കളാഴ്ച (18.7.21 ) പരാതി നൽകും.

Full View

Tags:    
News Summary - Retaliation against officials who answered the RTI question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.