കോഴിക്കോട്: കോർപറേഷൻ മേയർ പദവിയിൽ സംവരണം നിയമത്തിലുണ്ട് പക്ഷേ, നടപ്പായിട്ടില്ല. സംസ്ഥാനത്തെ കോർപറേഷനുകളുടെ എണ്ണം 10 ആയി ഉയരുന്നതുവരെ നടപ്പാകുകയുമില്ല. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ മറവിലാണ് ഈ സംവരണ അട്ടിമറി കാലങ്ങളായി തുടരുന്നത്.
1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 10ാം വകുപ്പിൽ ഉപവകുപ്പ് രണ്ടിലാണ് മുനിസിപ്പൽ ചെയർപേഴ്സൻ, കോർപറേഷൻ മേയർ പദവികളിലെ സംവരണം സംബന്ധിച്ച് പറയുന്നത്. സംവരണം നിശ്ചയിക്കുന്നതാകട്ടെ ജനസംഖ്യക്ക് ആനുപാതികമായുമാണ്.
ഏറ്റവുമൊടുവിലത്തെ സെൻസസ് അനുസരിച്ച് പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ജനസംഖ്യ ശരാശരി 10 ശതമാനമാണ്. ഇതനുസരിച്ച് സംവരണം കണക്കാക്കുമ്പോൾ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഒരു മേയർ പദവിയെങ്കിലും ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 10 കോർപറേഷനുകളെങ്കിലും കേരളത്തിൽ ഉണ്ടാകണം.
ഇങ്ങനെ സംവരണം നിശ്ചയിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്ത്വങ്ങൾക്ക് എതിരാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
സംവരണത്തിൽ ‘ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനൊപ്പം മതിയായ പ്രാതിനിധ്യം’ കൂടിയാണ് അംബേദ്കർ വിഭാവനം ചെയ്തതെന്ന് നാഷനൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടറും നാഷനൽ ലോ യൂനിവേഴ്സിറ്റി വൈസ് ചാൻസലുമായിരുന്ന പ്രഫ. ജി. മോഹൻഗോപാൽ പറഞ്ഞു. ‘തീരേ ചെറിയ സമുദായങ്ങൾക്ക് ആനുപാതിക പ്രാതിനിധ്യം പോരാ, മതിയായ പ്രാതിനിധ്യം തന്നെ വേണം എന്നതാണ് സംവരണ തത്ത്വത്തിന്റെ അന്തഃസത്ത. നിയമം തയാറാക്കുമ്പോഴുള്ള പ്രശ്നമാണിത്.
പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ദലിത് വിഭാഗങ്ങൾക്ക് സംവരണം ലഭിക്കില്ലെന്ന് നിയമം രൂപപ്പെടുത്തിയവർക്ക് അറിയാമായിരുന്നു. ഫലത്തിൽ നിയമ ഭാഷയിലൂടെ ദലിത് പ്രാതിനിധ്യം അട്ടിമറിക്കുകയാണ് ചെയ്തത്. ജനസംഖ്യാ പ്രാതിനിധ്യം പരിഗണിക്കുന്നതിനൊപ്പം ചുരുങ്ങിയത് ഒരു മേയർ സ്ഥാനമെങ്കിലും ദലിത് വിഭാഗങ്ങൾക്ക് ഉറപ്പുവരുത്തുന്ന വിധത്തിൽ അടിയന്തരമായി ഓർഡിനൻസ് കൊണ്ടുവന്ന് ഈ നീതികേട് പരിഹരിക്കാവുന്നതാണ്’’- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാതിനിധ്യം സ്വാഭാവികമായി ലഭിക്കാത്ത വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് സംവരണത്തിന്റെ യുക്തിയെന്നും സാങ്കേതിക യുക്തിയിൽ കാര്യങ്ങളെ സമീപിക്കുന്നത് സംവരണം അട്ടിമറിക്കുന്നതിനാണെന്നും ദലിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട് ചൂണ്ടിക്കാട്ടി. 10 ശതമാനം ഇല്ലാത്തതുകൊണ്ട് പ്രാതിനിധ്യമേ വേണ്ട എന്നുവെക്കുന്നത് എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു.
കോർപറേഷൻ മേയർ പദവിയിൽ ദലിത് വിഭാഗങ്ങൾക്ക് സംവരണമില്ലാത്തത് അനീതിയാണെന്നും സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്നും ദലിത് സംഘടനകൾ. സി.പി.എം അനുകൂല പട്ടികജാതിക്ഷേമ സമിതി (പി.കെ.എസ്) സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്, ആവശ്യം ന്യായമാണെന്നും പ്രായോഗിക പരിഹാരം ഉണ്ടാവേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
രണ്ട് ടേം കൂടുമ്പോഴെങ്കിലും പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മേയർ പദവിയിലെ സംവരണ ആവശ്യവുമായി പഞ്ചായത്തീരാജ് നഗരപാലിക നിയമം വന്ന കാലംമുതൽ സർക്കാറിനെയും തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചിരുന്നുവെന്ന് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ വ്യക്തമാക്കി.
രാജ്യസഭയിൽ പട്ടികജാതിക്കാർക്ക് സംവരണം നിഷേധിക്കുന്നതുപോലെയുള്ള വിവേചനമാണിതെന്നും സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.