തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠനബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച് ഉത്തരവിറങ്ങാത്തത് അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി. പുനഃസംഘടന നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള സിലബസ് പരിഷ്കരണവും ബിരുദങ്ങള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നല്കുന്ന പ്രവര്‍ത്തനവും നിലച്ചുവെന്നും വിദ്യാർഥികളുടെ ഫയല്‍ കെട്ടിക്കിടക്കുകയാണെന്നും സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് പറഞ്ഞു. വ്യത്യസ്ത സിലബസുകളില്‍ പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഫലപ്രഖ്യാപനവും അനിശ്ചിതമായി നീളുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒന്നര മാസം മുമ്പ് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം പഠനബോര്‍ഡുകളിലേക്കുള്ള അംഗങ്ങളെ കണ്ടെത്തി അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കാന്‍ വൈസ് ചാന്‍സലറെ യോഗം ചുമതലപ്പെടുത്തിയെങ്കിലും അന്തിമ നടപടിയായിട്ടില്ല. സിന്‍ഡിക്കേറ്റ് ശിപാര്‍ശയില്‍ ക്രമക്കേടുണ്ടായതിനാലാണ് ഫയല്‍ വി.സിയുടെ ഓഫിസില്‍ പിടിച്ചുെവച്ചിരിക്കുന്നതെന്ന് റഷീദ് അഹമ്മദ് ആരോപിച്ചു.
ഡോ. എം. മനോഹരന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആയിരത്തോളം പഠനബോര്‍ഡ് അംഗങ്ങളെ നിശ്ചയിച്ചത്. നിശ്ചിത ശതമാനം അംഗങ്ങള്‍ വ്യവസായ മേഖലയില്‍ നിന്നാകണമെന്ന നാക് നിർദേശം കണക്കിലെടുത്ത് സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയ പ്രതിനിധികള്‍ ഇഷ്ടക്കാരായ വ്യവസായികളെ തിരുകിക്കയറ്റാന്‍ ശ്രമിച്ചതാണ് അപാകതകള്‍ക്ക് കാരണമായതെന്ന് റഷീദ് അഹമ്മദ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.