രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ഉപാധികളോടെ മുൻകൂൻ ജാമ്യം.
തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി പറഞ്ഞു. കേസിൽ രാഹുലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു.
നേരത്തെ, വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു.രഹസ്യമായി അതിജീവിതയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ സംഘത്തില്‍നിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് സംഭവത്തെക്കുറിച്ച് പരാതി നല്‍കാതിരുന്നതെന്നാണ് യുവതിയുടെ മൊഴി.
ബംഗളൂരു സ്വദേശിനി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. ഡി.ജി.പി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത അവസരത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനുശേഷമാണ് ഐ.ജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്.
പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് രാഹുൽ വാദിച്ചത്. പരാതിയില്‍ ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതില്‍നിന്ന് പരാതി രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. 2023-ല്‍ ഏതോ ഒരു ഹോംസ്‌റ്റേയില്‍ വച്ച് പീഡനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. അവ്യക്തമായുള്ള പരാതി, രാഹുലിനെതിരായ ആദ്യ കേസ് കോടതി പരിഗണിച്ച ശേഷമാണ് ഉണ്ടായതെന്നതില്‍ നിന്ന് പരാതിക്കു പിന്നിലെ ദുരൂഹത വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതി യാഥാർഥ്യം ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പരാതിക്കാരി വ്യക്തമായ മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസക്യൂഷൻ വാദിച്ചു.
അതേസമയം ഒന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ 14ാം ദിവസവും ഒളിവിൽ തുടരുകയാണ്. ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഗർഭധാരണത്തിന് നിർബന്ധിക്കുകയും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്ന ഒന്നാമത്ത കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തത്കാലത്തേക്ക് ഹൈകോടതി തടഞ്ഞിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡിസംബര്‍ 15ന് പരിഗണിക്കും.
രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽനിന്ന് പുറത്തുവരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.