കടവന്ത്ര സ്വദേശി സനു ജോസ്, കുളത്തൂപ്പുഴ സ്വദേശി വിജിത് വി. നായര്‍, പൊന്നാരിമംഗലം സ്വദേശി നിലൻ എന്നിവരുടെ മോചനമാണ് എട്ടുമാസത്തിനുശേഷം സാധ്യമാകുന്നത്
കൊച്ചി: നൈജീരിയൻ നാവികസേന തടവിലാക്കിയ മൂന്ന് മലയാളികളടക്കമുള്ള 26 എണ്ണക്കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ നൈജീരിയൻ കോടതി ഉത്തരവിട്ടു. അസംസ്കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക സേന എം.ടി ഹീറോയിക് ഇദുൻ എന്ന കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്. കപ്പലിലെ ചീഫ് ഓഫിസർ എറണാകുളം കടവന്ത്ര സ്വദേശി സനു ജോസ്, തേഡ് ഓഫിസർ കൊല്ലം കുളത്തൂപ്പുഴ സ്വദേശി വിജിത് വി. നായര്‍, ഓയിലർ ആയ എറണാകുളം പൊന്നാരിമംഗലം സ്വദേശി നിലൻ എന്നിവരുടെ മോചനമാണ് എട്ടുമാസത്തിനുശേഷം സാധ്യമാകുന്നത്. 16 ഇന്ത്യക്കാരും എട്ട് ശ്രീലങ്കക്കാരും പോളണ്ട് ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരുമാണ് കപ്പലിലുണ്ടായിരുന്നത്. രണ്ടാഴ്ചക്കുള്ളില്‍ എല്ലാവർക്കും വീടുകളിൽ തിരിച്ചെത്താനാകുമെന്ന് ഒ.എസ്.എം മാരിടൈം എന്ന കപ്പല്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഗെയര്‍ സെക്കെസെയ്റ്റര്‍ പറഞ്ഞു.
2022 ആഗസ്റ്റ് എട്ടുമുതൽ ഇക്വട്ടോറിയൽ ഗിനിയയും തുടർന്ന് നൈജീരിയയും ഇവരെ തടവിലാക്കുകയായിരുന്നു.
സമുദ്രാതിർത്തി ലംഘനം ആരോപിച്ചാണ് ഇവരുടെ കപ്പൽ ഗിനിയൻ നാവികസേന പിടികൂടിയത്. നൈജീരിയയിലെ അക്പോ എണ്ണ ശാലയിൽനിന്ന് ക്രൂഡോയിൽ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് നൈജീരിയൻ നേവി ആരോപിച്ചത്. ആഗസ്റ്റ് ഏഴിന് അർധരാത്രിയിൽ എണ്ണശാലക്ക് സമീപം നിന്ന കപ്പലിന് അടുത്തേക്ക് ബോട്ട് വരുന്നത് കണ്ട് കപ്പൽ അതിവേഗം ഓടിച്ചുപോയതാണ് മോഷണസംശയം ജനിപ്പിച്ചത്. ബോട്ടിൽ വരുന്നത് കടൽകൊള്ളക്കാരാണെന്ന് സംശയിച്ചാണ് കപ്പൽ അതിവേഗം വിട്ടുപോയതെന്നാണ് കപ്പൽ ജീവനക്കാർ പറയുന്നത്. ബോട്ടിലെത്തിയത് നൈജീരിയൻ നേവിയായിരുന്നു.
നൈജീരിയൻ നേവി വിവരം നൽകിയതനുസരിച്ചാണ് പിറ്റേദിവസം ഗിനിയൻ നേവി കപ്പൽ കസ്റ്റഡിയിലെടുത്തു. ഗിനിയൻ നേവി നടത്തിയ പരിശോധനയിൽ കപ്പലിൽ അസാധാരണമായ ഒന്നും കണ്ടെത്തിയില്ല. കപ്പലിന് അക്പോ എണ്ണ ശാലയിൽ എത്തുന്നതിനുള്ള അനുമതി ഉണ്ട് എന്നും ഗിനിയ സ്ഥിരീകരിച്ചിരുന്നു. ഗിനിയൻ സമുദ്രാതിർത്തിയിലേക്ക് കടന്ന കുറ്റത്തിനുള്ള പിഴ കപ്പലുടമ അടച്ചു.
കപ്പൽ നാട്ടിലേക്ക് മടങ്ങാനുള്ള അനുമതിയും ഗിനിയ കൊടുത്തിരുന്നു. കപ്പൽ തീരം വിടുന്ന ദിവസം പൊടുന്നനെ ഗിനിയ നിലപാട് മാറ്റുകയും കപ്പൽ നൈജീരിയക്ക് കൈമാറുകയും ചെയ്തു. ഇപ്പോൾ അഞ്ച് മില്യൺ നൈജീരിയൻ നൈറ (11,000 ഡോളർ) പിഴ അടച്ചാണ് കപ്പലും ജീവനക്കാരെയും മോചിപ്പിക്കുന്നതെന്നാണ് വിവരം.
ഇടപാടിന്‍റെ ഭാഗമായി ദശലക്ഷക്കണക്കിന് ഡോളറുകളെന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു തുകയും സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിന് ഇൻഷുറൻസ് ഉള്ളതിനാൽ തുക ഇൻഷുറൻസ് കമ്പനി നൽകുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം മൂന്നു മലയാളികളടക്കം 24 ഇന്ത്യാക്കാരടങ്ങിയ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ മോചനത്തിനായുള്ള ശ്രമം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.