ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ എത്തിച്ച യുവതിയുടെ രണ്ടുമാസം പ്രായമായ ഗർഭസ്ഥശിശു മരിച്ചു. ഡോക്ടർമാരുടെ ചികിത്സാവീഴ്ചയടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. ആലപ്പുഴ വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ നജ്ലയുടെ (29) രണ്ടുമാസം പ്രായമായ ഗർഭസ്ഥശിശുവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. വീട്ടിലെ വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് യുവതിക്ക് ഷോക്കേറ്റത്.
തൊട്ടുപിന്നാലെ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ കാണിക്കാനായിരുന്നു നിർദേശം. അത്യാഹിതവിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ ഗർഭസ്ഥശിശുവിന്‍റെ ഹൃദയമിടിപ്പുപോലും പരിശോധിക്കാൻ തയാറായില്ല. ഒന്നരമണിക്കൂർ ചെലവഴിച്ചിട്ടും സ്കാൻ അടക്കമുള്ള പരിശോധനകൾക്ക് മുതിർന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനുപിന്നാലെ ജനറൽ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഹൃദയമിടിപ്പ് നോക്കിയപ്പോൾ പന്തികേട് തോന്നിയത്. പിന്നാലെ പുറത്തുനിന്ന് സ്കാനിങ് നടത്തി പരിശോധിച്ചപ്പോൾ വണ്ടാനം മെഡിക്കൽകോളജിലേക്ക് പേകാൻ നിർദേശിച്ചു.
വൈകീട്ട് മൂന്നോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ വീണ്ടും സ്കാനിങ് നടത്തി പരിശാധിച്ചപ്പോഴാണ് ഗർഭസ്ഥശിശുവിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. നജ്ല വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടപ്പുറം ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കൃത്യമായ പരിശോധന നടത്തി ജീവൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഉടൻ തന്നെ വിദഗ്ധചികിത്സ ലഭ്യമാക്കി കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് നജ്ലയുടെ ബന്ധുക്കൾ പറഞ്ഞു.
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ചികിത്സയിലെത്തിയ യുവതിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കടപ്പുറം-വനിത ശിശു ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്തി. വെള്ളിയാഴ്ച രാവിലെ 11.21നാണ് യുവതി ഒ.പിയിൽ ചികിത്സക്കെത്തുന്നത്. ഡോക്ടറെ കണ്ടശേഷം 11.40ന് മടങ്ങുകയും ചെയ്തു.
ഗർഭാവസ്ഥയുടെ തുടക്കമായതിനാൽ ശിശുവിന്‍റെ ഹൃദയമിടിപ്പ് തിരിച്ചറിയാൻ സ്കാനിങ് വേണമെന്ന് ഡോക്ടർ നിർദേശിച്ചു. ആശുപത്രിയിൽ സ്കാനിങ് സംവിധാനമില്ലാത്തതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പുറത്തുനിന്ന് എടുത്തുകൊണ്ടുവരാൻ നിർദേശിച്ചെങ്കിലും തിരിച്ചുവന്നില്ല. പിന്നീട് മെഡിക്കൽകോളജിൽ ചികിത്സതേടിയതായി അറിയാൻ കഴിഞ്ഞതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.